ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ അവസാന ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിനം സമാപിച്ചു. ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയയുടെ പേസ് ആക്രമണത്തിന് സമാനമായ രീതിയിൽ മറുപടി നൽകി ഇന്ത്യൻ ബോളിംഗ് നിര. ഒന്നാം ഇന്നിംഗ്സിൽ 4 റൺസിന്റെ നേരിയ ലീഡ് നേടാൻ ഇന്ത്യക്ക് കഴിഞ്ഞു.
ഓസ്ട്രേലിയയുടെ സൂപ്പർ താരം സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയത് പ്രസിദ്ധ് കൃഷ്ണയായിരുന്നു. മികച്ച രീതിയിൽ കൂട്ടുകെട്ട് പടുത്തുയർത്തിയ വെബ്സ്റ്റർ-കാരി സഖ്യത്തെ തകർത്തതും പ്രസിദ്ധ് കൃഷ്ണ തന്നെയായിരുന്നു. എന്നാൽ, സ്മിത്തിന്റെ പുറത്താകലാണ് ഏറെ ചർച്ചയാകുന്നത്. കാരണം, ചരിത്രനിമിഷത്തിന് തൊട്ടരികിൽ നിന്നാണ് സ്മിത്തിനെ പ്രസിദ്ധ് കൃഷ്ണ മടക്കിയത്.
അഞ്ച് റൺസ് കൂടി നേടാൻ കഴിഞ്ഞിരുന്നെങ്കിൽ ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസ് എന്ന ഐതിഹാസിക നേട്ടം സ്മിത്തിന് സ്വന്തമാക്കാമായിരുന്നു. എന്നാൽ, പ്രസിദ്ധ് കൃഷ്ണയുടെ പന്തിൽ കെ.എൽ. രാഹുലിന് ക്യാച്ച് നൽകി താരം മടങ്ങുകയായിരുന്നു. 203 ഇന്നിംഗ്സിൽ നിന്നും 56.15 ശരാശരിയിൽ 9995 റൺസാണ് സ്മിത്തിന്റെ നിലവിലെ സമ്പാദ്യം. രണ്ടാം ഇന്നിംഗ്സിൽ കരിയറിലെ ഈ നിർണായക നേട്ടം സ്മിത്ത് സ്വന്തമാക്കുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
Story Highlights: Steve Smith falls short of 10,000 Test runs milestone as India takes slim lead against Australia