ആപ്പിളിന്റെ സഹസ്ഥാപകനായ സ്റ്റീവ് ജോബ്സിന്റെ ഭാര്യ ലോറീൻ പവൽ ജോബ്സ് ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നടക്കുന്ന കുംഭമേളയിൽ കുഴഞ്ഞുവീണു. കുംഭമേളയിൽ പങ്കെടുക്കാനെത്തിയ ലോറീൻ, സ്വാമി കൈലാഷാനന്ദ് ഗിരിയുടെ ക്യാമ്പിലാണ് താമസിച്ചിരുന്നത്. തിങ്കളാഴ്ച കുംഭമേളയുടെ വിവിധ ചടങ്ങുകളിൽ അവർ പങ്കെടുത്തിരുന്നു.
കനത്ത ജനത്തിരക്കാണ് ലോറീനിന് ശാരീരിക അസ്വസ്ഥതയ്ക്ക് കാരണമായതെന്ന് സ്വാമി കൈലാഷാനന്ദ് ഗിരി ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനുമുൻപ് അനുഭവിച്ചിട്ടില്ലാത്ത തിരക്കാണ് അവരുടെ ആരോഗ്യസ്ഥിതി മോശമാകാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെബ്രുവരി 26 വരെയാണ് കുംഭമേള നടക്കുക.
ലോറീൻ വളരെ ലളിതമായ ജീവിതശൈലി പിന്തുടരുന്ന വ്യക്തിയാണെന്നും നമ്മുടെ ആചാരാനുഷ്ഠാനങ്ങളെക്കുറിച്ച് അറിയാനുള്ള ആഗ്രഹത്താലാണ് കുംഭമേളയിൽ പങ്കെടുക്കാനെത്തിയതെന്നും കൈലാഷാനന്ദ് ഗിരി പറഞ്ഞു. ആരോഗ്യം വീണ്ടെടുത്ത ശേഷം ത്രിവേണി സംഗമത്തിൽ മുങ്ങി നിവരുന്ന ചടങ്ങിൽ ലോറീൻ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഈയിടെ കമല എന്ന പേര് സ്വീകരിച്ച ലോറീൻ, കുംഭമേളയ്ക്ക് മുൻപ് ഫെബ്രുവരി 11 ന് വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രം സന്ദർശിച്ച് ജലാഭിഷേകവും നടത്തിയിരുന്നു. ഞായറാഴ്ച വൈകിട്ടാണ് ലോറീൻ പ്രയാഗ്രാജിലെ സ്വാമി കൈലാഷാനന്ദ് ഗിരി ആശ്രമത്തിലെത്തിയത്. ഇപ്പോൾ അവർ ആശ്രമത്തിൽ വിശ്രമത്തിലാണ്.
Story Highlights: Steve Jobs’ wife, Laurene Powell Jobs, fainted at the Kumbh Mela in Prayagraj, Uttar Pradesh, due to the large crowds.