മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവയ്ക്കാൻ തീരുമാനിച്ച തൃശ്ശൂരിലെ പുലിക്കളി നടത്താൻ സർക്കാർ അനുമതി നൽകി. പുലിക്കളി സംഘങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് മേയർ എം കെ വർഗീസ് സർക്കാരിന് കത്തയച്ചിരുന്നു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് കഴിഞ്ഞവർഷം അനുവദിച്ച അതേ തുകയിൽ പുലിക്കളി നടത്താൻ അനുമതി നൽകി.
എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയ ശേഷം പുലിക്കളി വേണ്ടെന്നുവച്ച തൃശ്ശൂർ കോർപ്പറേഷന്റെ നടപടിക്കെതിരെയാണ് വിവിധ പുലിക്കളി സംഘങ്ങൾ പ്രതിഷേധം ഉയർത്തിയത്. ഓരോ സംഘങ്ങൾക്കും മൂന്നുലക്ഷം രൂപയിലധികം നഷ്ടമാകുമെന്നും വിപണിയിൽ ഉൾപ്പെടെ തിരിച്ചടി ഉണ്ടാകുമെന്നും അവർ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് മേയർ വിഷയത്തിൽ സർക്കാർ നിലപാട് തേടി തദ്ദേശ വകുപ്പ് മന്ത്രിക്ക് കത്ത് അയച്ചത്.
സംസ്ഥാന സർക്കാരിന്റെ അനുകൂല നടപടിയിൽ പുലിക്കളി സംഘങ്ങൾ സന്തോഷം പ്രകടിപ്പിച്ചു. മുൻ വർഷത്തെ അതേ തുക അനുവദിച്ചുകൊണ്ട് പുലിക്കളി നടത്താനുള്ള അനുമതി നൽകിയതായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് തൃശ്ശൂർ കോർപ്പറേഷന് കൈമാറിയതായും അറിയിപ്പുണ്ട്.
Story Highlights: Kerala government permits Pulikali celebration in Thrissur after protests from organizers