ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. 2022ലെ ചിത്രങ്ങൾക്കുള്ള ദേശീയ പുരസ്കാരങ്ങളും 2023ലെ സംസ്ഥാന ചലച്ചിത്ര അവാർഡുമാണ് പ്രഖ്യാപിക്കുന്നത്. മികച്ച നടനുള്ള ദേശീയ പുരസ്കാരത്തിനായി മമ്മൂട്ടിയും കന്നട താരം റിഷബ് ഷെട്ടിയും പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ട്. നന്‍ പകല് നേരത്ത് മയക്കം, റോഷാക്ക് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് മമ്മൂട്ടിയെ പരിഗണിക്കുന്നത്. കാന്താര എന്ന ചിത്രത്തിലെ പ്രകടനമാണ് റിഷഭ് ഷെട്ടിയുടെ പ്രതീക്ഷകൾക്ക് അടിസ്ഥാനം.
സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനായുള്ള 36 ഇനങ്ങളിൽ പത്ത് സിനിമകൾ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. 2023ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനായി 160 സിനിമകളിൽ നിന്ന് 40 സിനിമകൾ ജൂറി തെരഞ്ഞെടുത്തു. കാതൽ ദി കോർ, ആടുജീവിതം, ഉള്ളൊഴുക്ക് എന്നീ സിനിമകളാണ് പ്രധാന പുരസ്കാരങ്ങൾക്കായി മത്സരിക്കുന്നത്. മികച്ച നടനായുള്ള പോരാട്ടത്തിൽ മമ്മൂട്ടിയും പൃഥ്വിരാജും കനത്ത മത്സരത്തിലാണ്.
മികച്ച നടിയാവാൻ ഉള്ളൊഴുക്കിലെ അഭിനയത്തിന് ഉർവശിയും പാർവതിയും തമ്മിലാണ് മത്സരം. മികച്ച സംവിധായകനുള്ള മത്സരത്തിൽ ക്രിസ്റ്റോ ടോമി, ബ്ലസി, ജിയോ ബേബി എന്നിവരാണ് മുന്നിൽ. ഉള്ളൊഴുക്ക്, ആടുജീവിതം, കാതൽ ദ കോർ, 2018 എവരിവൺ ഈസ് എ ഹീറോ എന്നീ സിനിമകൾ തമ്മിലാണ് മികച്ച സിനിമയ്ക്കായുള്ള പോരാട്ടം. സംവിധായകനും തിരക്കഥാകൃത്തുമായ സുധീർ മിശ്ര അധ്യക്ഷനായ ജൂറിയാണ് പുരസ്കാര നിർണയം നടത്തിയത്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് പുരസ്കാര പ്രഖ്യാപനം.
Story Highlights: National and State Film Awards to be announced today, with Mammootty and Rishab Shetty in contention for Best Actor