ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി മേയ് 9ന് വൈകിട്ട് 3ന് തിരുവനന്തപുരത്ത് പിആർഡി ചേമ്പറിൽ വെച്ച് വാർത്താ സമ്മേളനത്തിൽ ഫലപ്രഖ്യാപനം നടത്തും. പൊതുവിദ്യാഭ്യാസ ഡയറക്ടർ അടക്കമുള്ള ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം ഉണ്ടാകും. കൂടാതെ പ്ലസ് വൺ ക്ലാസ്സുകൾ ജൂൺ 18 മുതൽ ആരംഭിക്കുന്നതാണ്.
വിദ്യാർത്ഥികൾക്ക് നിരവധി വെബ്സൈറ്റുകളിലൂടെ പരീക്ഷാഫലം അറിയാൻ സാധിക്കും. https://pareekshabhavan.kerala.gov.in/, https://keralaresults.nic.in/, https://results.kite.kerala.gov.in/ എന്നീ വെബ്സൈറ്റുകൾ ഇതിൽ പ്രധാനപ്പെട്ടവയാണ്. ഇതിനുപുറമെ പിആർഡി വെബ്സൈറ്റ്, ഡിജി ലോക്കർ എന്നിവ വഴിയും ഫലം ലഭ്യമാകും. ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി എന്നിവയുടെ ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിക്കും.
ഈ വർഷം വിജയശതമാനം എങ്ങനെയായിരിക്കുമെന്ന ആകാംഷയിലാണ് വിദ്യാർത്ഥികൾ. കഴിഞ്ഞ വർഷം 99.69 ശതമാനമായിരുന്നു എസ്എസ്എൽസി പരീക്ഷയുടെ വിജയം. മന്ത്രിയുടെ വാർത്താ സമ്മേളനം കഴിഞ്ഞാൽ വൈകുന്നേരം നാലുമണിയോടെ വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാൻ കഴിയും.
കേരളത്തിലെ 2964 പരീക്ഷാ കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒമ്പത് പരീക്ഷാ കേന്ദ്രങ്ങളിലും ഗൾഫിലെ ഏഴ് പരീക്ഷാ കേന്ദ്രങ്ങളിലുമായി 427021 വിദ്യാർത്ഥികളാണ് ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. പരീക്ഷാഫലം അറിയാൻ വിദ്യാർഥികളും രക്ഷിതാക്കളും ഒരുപോലെ കാത്തിരിക്കുന്നു.
പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് ട്രയൽ അലോട്ട്മെൻ്റ് മേയ് 24-ന് നടക്കും. ആദ്യ അലോട്ട്മെൻ്റ് ജൂൺ 2-നും രണ്ടാം അലോട്ട്മെൻ്റ് ജൂൺ 10-നും മൂന്നാം അലോട്ട്മെൻ്റ് ജൂൺ 16-നും നടക്കും. 2025 ജൂൺ 18-ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കുന്നതാണ്.
മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിലും പ്രവേശനം ഉറപ്പാക്കും. മുൻവർഷം ജൂൺ 24-നാണ് ക്ലാസ്സുകൾ ആരംഭിച്ചത്. മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി 2025 ജൂലൈ 23-ന് പ്രവേശന നടപടികൾ അവസാനിപ്പിക്കും.
പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ആറ് മോഡൽ റെസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ പ്രവേശനം ഈ വർഷം മുതൽ ഏകജാലക സംവിധാനത്തിലൂടെയായിരിക്കും. ഈ സ്കൂളുകളിലേക്കുള്ള അപേക്ഷകൾ ഓൺലൈനായി സ്വീകരിച്ച് അലോട്ട്മെൻ്റ് പ്രക്രിയയിലൂടെ പ്രവേശനം സാധ്യമാക്കും. ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള പ്രോസ്പെക്ടസ് ഉടൻ പ്രസിദ്ധീകരിക്കും. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രോസ്പെക്ടസുകൾ ഒരുമിച്ചായിരിക്കും പ്രസിദ്ധീകരിക്കുക.
Story Highlights: നാളെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിക്കും; പ്ലസ് വൺ ക്ലാസുകൾ ജൂൺ 18-ന് ആരംഭിക്കും.