നടനും എംഎൽഎയുമായ മുകേഷിനെതിരായ ബലാത്സംഗ പരാതി അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. എസ്പി പൂങ്കുഴലിയാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. ചേർത്തല ഡിവൈഎസ്പി ബെന്നിയാണ് മുകേഷിനെതിരായ കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ. യുവനടിയുടെ പരാതിയിൽ നടൻ ജയസൂര്യയുടെ കേസ് ഒഴികെ മറ്റെല്ലാ കേസിന്റെയും അന്വേഷണ മേൽനോട്ടം എസ്പി പൂങ്കുഴലിക്കാണ്.
സിപിഐഎം അവൈലബിൾ സെക്രട്ടറിയേറ്റ് യോഗത്തിൽ മുകേഷിനോട് രാജി ഇപ്പോൾ ആവശ്യപ്പെടേണ്ടതില്ലെന്ന തീരുമാനത്തിലുറച്ചിരിക്കുകയാണ്. നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ ഒഴിവാക്കാനാണ് തീരുമാനമായിരിക്കുന്നത്. സമിതി പുനസംഘടിപ്പിക്കുമ്പോഴായിരിക്കും മുകേഷിനെ ഒഴിവാക്കുക. സിപിഐ ദേശീയ നേതൃത്വത്തിന്റെ രാജി ആവശ്യം കണക്കിലെടുക്കാതെയാണ് ഈ തീരുമാനം. എന്നാൽ, മുകേഷിനെതിരെ മുന്നണിയിൽ നിന്നുതന്നെ രൂക്ഷ വിമർശനമുയരുന്നുണ്ട്.
മുകേഷിന്റെ രാജിയെച്ചൊല്ലി സിപിഐയിലും ഭിന്നത നിലനിൽക്കുന്നുണ്ട്. പ്രകാശ് ബാബുവും ആനി രാജയും ഉൾപ്പെടെയുള്ള നേതാക്കൾ മുകേഷിന് ഒരു നിമിഷം പോലും ഇനി ആ സ്ഥാനത്ത് തുടരാനാകില്ലെന്ന് ആവർത്തിക്കുമ്പോഴും, സിപിഐയ്ക്ക് തിരുത്തൽ ശക്തിയാകാനാകില്ലെന്ന് തെളിയിക്കുന്നതാണ് സിപിഐഎം ഇപ്പോൾ എടുത്തിരിക്കുന്ന തീരുമാനം. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നിലപാട് രാജി ആവശ്യം കടുപ്പിക്കേണ്ടതില്ലെന്നാണ്. മുകേഷ് വിഷയം നാളെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും.
Story Highlights: Special team appointed to investigate sexual assault complaint against actor and MLA Mukesh