താമരശ്ശേരി രൂപത പിവി അൻവർ എംഎൽഎയുടെ അറസ്റ്റിനെതിരെ രംഗത്തെത്തി. കർഷക സമൂഹത്തോടുള്ള വെല്ലുവിളിയാണ് ഈ അറസ്റ്റെന്ന് താമരശ്ശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പ്രതികരിച്ചു. ഒരു സഹോദരന്റെ മരണത്തിൽ പ്രതിഷേധിച്ചതിനാണ് അൻവറിനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയോ ആന കൊന്നതിനോ കേസില്ലെന്നും, എന്നാൽ പ്രതിഷേധിച്ചവർക്കെതിരെ മാത്രം കേസെടുക്കുന്നത് അന്യായമാണെന്നും ബിഷപ്പ് വ്യക്തമാക്കി. കർഷക സംഘടനകളെ അണിനിരത്തി പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡിഎഫ്ഒ ഓഫീസ് ആക്രമിച്ചെന്ന കേസിലാണ് പിവി അൻവർ റിമാൻഡിൽ കഴിയുന്നത്. കേസിൽ ഒന്നാം പ്രതിയായ അൻവറിനെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. രാത്രി രണ്ടരയോടെയാണ് അദ്ദേഹത്തെ തവനൂർ സെൻട്രൽ ജയിലിലെത്തിച്ചത്.
കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചതിൽ പ്രതിഷേധിച്ച് ഡിഎംകെ പ്രവർത്തകർ നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ച് തകർത്ത സംഭവത്തിലാണ് പൊലീസ് നടപടി. പി.വി അൻവർ ഉൾപ്പടെ 11 പേർക്കെതിരെയാണ് കേസ്. പൊതുമുതൽ നശിപ്പിക്കൽ, ഗൂഢാലോചന, കലാപത്തിന് ആഹ്വാനം ചെയ്യൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ചതായും എഫ്ഐആറിൽ പരാമർശമുണ്ട്. രാത്രി ഒൻപതരയോടെ അൻവറിന്റെ ഒതായിയിലെ വീട്ടിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Story Highlights: Thamarassery Diocese protests against PV Anvar MLA’s arrest, calling it a challenge to the farming community.