സ്പെയിനിലെ വലൻസിയ നഗരത്തിൽ കൊടുങ്കാറ്റും പേമാരിയും മൂലമുണ്ടായ മിന്നൽ പ്രളയത്തിൽ 200 ലേറെ പേർ കൊല്ലപ്പെട്ടു. നിരവധി പേരെ കാണാതായതായും റിപ്പോർട്ടുകളുണ്ട്. റോഡുകളും പാലങ്ങളുമടക്കം തകർന്നതിനാൽ രക്ഷാപ്രവർത്തനത്തിൽ വലിയ വെല്ലുവിളി നേരിടുന്നുണ്ട്. സുനാമിക്ക് ശേഷം കണ്ട ഏറ്റവും വലിയ ദുരന്തത്തെയാണ് സ്പെയിൻ ഇപ്പോൾ നേരിടുന്നത്.
പൊലീസും സൈന്യവുമടക്കം രക്ഷാപ്രവർത്തനത്തിനായി രംഗത്തുണ്ട്. എന്നാൽ എത്ര പേരെ കാണാതായെന്നോ, എത്ര പേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടപ്പുണ്ടെന്നോ കൃത്യമായ വിവരം അധികൃതരുടെ പക്കലില്ല. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പ്രാദേശിക ഭരണകൂടങ്ങളും കൂട്ടായ്മകളും റെഡ് ക്രോസും രംഗത്തുണ്ട്. ദുരന്തബാധിതർക്ക് അവശ്യവസ്തുക്കളൊന്നും ഇല്ലാത്ത സ്ഥിതിയാണ്.
സ്പെയിനിൽ മെഡിറ്ററേനിയൻ തീരത്ത് കൊടുങ്കാറ്റ് വീശുന്നത് പതിവാണെങ്കിലും ഇത്രയും വലിയ ദുരന്തം ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. കാലാവസ്ഥാ വ്യതിയാനമാണ് ഇപ്പോഴത്തെ ദുരന്തത്തിന് കാരണമായി പറയുന്നത്. രണ്ട് വർഷത്തോളം മഴ കിട്ടാതെ കൊടും വരൾച്ചയെ നേരിട്ട രാജ്യത്ത് പെട്ടെന്ന് മഴ പെയ്തപ്പോൾ ഭൂമിക്ക് വെള്ളം വേഗത്തിൽ വലിച്ചെടുക്കാനായില്ലെന്നും വിദഗ്ദ്ധർ കാരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്.
Story Highlights: Over 200 killed in flash floods caused by severe storms in Spain’s Valencia region