സ്പേസ് എക്സിന്റെ മാറ്റിവെച്ച വിക്ഷേപണദൗത്യം നാളെ നടക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ പേടകത്തിൽനിന്ന് ഹീലിയം ചോർച്ച ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ദൗത്യം മാറ്റിവെച്ചത്. എന്നാൽ നാളെ തന്നെ വിക്ഷേപണം നടക്കുമെന്നാണ് നിലവിൽ സ്പേസ് എക്സ് അധികൃതർ അറിയിച്ചിരിക്കുന്നത്.
ഈ ദൗത്യത്തിൽ മലയാളി ബന്ധമുള്ള അന്ന മേനോൻ പങ്കെടുക്കുന്നുണ്ട് എന്നതാണ് മറ്റൊരു പ്രധാന വസ്തുത. സ്പേസ് എക്സിൽ ലീഡ് സ്പേസ് ഓപ്പറേഷൻ എഞ്ചിനീയറായ അന്ന, മനുഷ്യൻ ബഹിരാകാശത്ത് ആദ്യമായി നടക്കുന്ന സ്വകാര്യ കമ്പനിയുടെ ദൗത്യത്തിൻറെ ഭാഗമാവുകയാണ്. മിഷൻ കമാൻഡർ ജരേഡ് ഐസക്മാൻ, അമേരിക്കൻ എയർഫോഴ്സിലെ റിട്ടയേർഡ് ലെഫ്റ്റനൻ്റ് കേണൽ സ്കോട്ട് പൊറ്റീറ്റ്, സ്പേസ്എക്സിലെ സീനിയർ സ്പേസ് ഓപ്പറേഷൻ എൻജിനീയറായ സാറാ ഗില്ലീസ് എന്നിവരാണ് അന്നക്കൊപ്പം യാത്ര ചെയ്യുന്നത്.
പൊളാരിസ് ഡോൺ എന്ന പേരിലുള്ള അഞ്ചുദിന ദൗത്യത്തിൽ പ്രൊഫഷണൽ അല്ലാത്ത ബഹിരാകാശയാത്രികരുടെ ‘സ്പേസ് വാക്’ എന്ന സുപ്രധാന നേട്ടത്തിനരികെയാണ് സ്പേസ് എക്സ്. നാസയുടെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകത്തിലാണ് ഇവരുടെ യാത്ര. ക്രൂ ഡ്രാഗൺ ക്യാപ്സ്യൂൾ ഭൂമിയുടെ ഉപരിതലത്തിൽനിന്ന് 870 മൈൽ ദൂരത്തേക്ക് സഞ്ചരിക്കുകയും വാൻ അലൻ റേഡിയേഷൻ ബെൽറ്റിൻ്റെ ഉൾപ്രദേശങ്ങളിലൂടെ പര്യവേക്ഷണം നടത്തുകയും ചെയ്യും.
Story Highlights: SpaceX’s postponed launch mission set for tomorrow with Malayali connection