സ്റ്റാർഷിപ്പ് എന്ന സ്വപ്ന പദ്ധതി വീണ്ടും പരാജയപ്പെട്ടതോടെ ഇലോൺ മസ്കിന് തിരിച്ചടി. എട്ടാമത്തെ പരീക്ഷണ വിക്ഷേപണത്തിലും സ്റ്റാർഷിപ്പ് പേടകം പൊട്ടിത്തെറിച്ചു. ടെക്സസിൽ നിന്നും കുതിച്ചുയർന്ന് മിനിറ്റുകൾക്കുള്ളിൽ തന്നെയായിരുന്നു അപകടം. വിക്ഷേപണത്തിന്റെ രണ്ടാം ഘട്ടത്തിലാണ് പരാജയം സംഭവിച്ചതെന്ന് സ്പേസ് എക്സ് അറിയിച്ചു.
സ്റ്റാർഷിപ്പ് പൊട്ടിത്തെറിച്ചതിനെ തുടർന്ന് ഫ്ലോറിഡയിലെ വിമാനത്താവളങ്ങളിലെ സർവീസുകൾ നിർത്തിവെച്ചിട്ടുണ്ട്. റോക്കറ്റ് കുതിച്ചുയർന്നതിന് പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം. 121 മീറ്റർ ഉയരമുള്ള സ്റ്റാർഷിപ്പ് മെഗാ റോക്കറ്റ് മനുഷ്യൻ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വലുതാണ്.
രണ്ട് ഭാഗങ്ങളാണ് ഈ ബഹിരാകാശ പേടകത്തിനുള്ളത് – സൂപ്പർ ഹെവി ബൂസ്റ്റർ, സ്റ്റാർഷിപ്പ് സ്പേസ്ക്രാഫ്റ്റ് (ഷിപ്പ്). 71 മീറ്റർ ഉയരമുള്ള സൂപ്പർ ഹെവി ബൂസ്റ്ററിൽ 33 റാപ്റ്റർ എഞ്ചിനുകളാണുള്ളത്. 52 മീറ്ററാണ് മുകളിലെ ഷിപ്പ് ഭാഗത്തിന്റെ ഉയരം. വലിയ പേലോഡുകൾ ബഹിരാകാശത്തേക്ക് ഉയർത്താൻ സൂപ്പർ ഹെവി ബൂസ്റ്ററിന് കഴിയും.
ഏഴാമത്തെ പരീക്ഷണ വിക്ഷേപണത്തിലും സമാനമായ അപകടം സംഭവിച്ചിരുന്നു. ബൂസ്റ്റർ ഭാഗം ഭൂമിയിലെ യന്ത്രക്കൈയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തെങ്കിലും ഷിപ്പ് ഭാഗം പൊട്ടിത്തെറിച്ചു. എട്ടാമത്തെ പരീക്ഷണത്തിലും ബൂസ്റ്ററിൽ നിന്ന് വേർപെട്ട ശേഷം ഷിപ്പുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടതായി സ്പേസ് എക്സ് സ്ഥിരീകരിച്ചു.
[SpaceX’s Starship]
സ്പേസ് എക്സിന് സ്റ്റാർഷിപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത് വിക്ഷേപിച്ച് മിനിറ്റുകൾക്ക് ശേഷമാണ്. മൂന്നാം തവണയാണ് സ്റ്റാർഷിപ്പ് പൊട്ടിത്തെറിക്കുന്നത്. ഇതോടെ സ്പേസ് എക്സിന്റെ സ്വപ്ന പദ്ധതി വീണ്ടും തിരിച്ചടി നേരിട്ടു.
Story Highlights: SpaceX’s Starship rocket exploded during its eighth test flight, marking the third such incident.