പാരീസ് ഒളിമ്പിക്സ് 2024ന്റെ ഉദ്ഘാടന ചടങ്ങിൽ ദക്ഷിണ കൊറിയയെ തെറ്റായി അവതരിപ്പിച്ചതിന് അന്തരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി (ഐഒസി) ക്ഷമാപണം നടത്തി. മാർച്ച് പാസ്റ്റിനായി ദക്ഷിണ കൊറിയൻ ടീം എത്തിയപ്പോൾ, ഫ്രഞ്ച് അനൗൺസർ ‘ഡെമോക്രാറ്റിക്ക് പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് കൊറിയ’ (ഉത്തര കൊറിയ) എന്നാണ് പ്രഖ്യാപിച്ചത്.
സംഭവിച്ച തെറ്റിന് ക്ഷമ ചോദിക്കുന്നതായി ഐഒസി സോഷ്യൽ മീഡിയയിൽ കൊറിയൻ ഭാഷയിൽ പോസ്റ്റ് ചെയ്തു. ഐഒസി മേധാവി തോമസ് ബാച്ച് ദക്ഷിണ കൊറിയൻ പ്രസിഡന്റിനോട് നേരിട്ട് ഫോണിൽ മാപ്പ് പറയാൻ ആഗ്രഹിക്കുന്നതായി കൊറിയൻ സ്പോർട്സ് ആൻഡ് ഒളിമ്പിക് കമ്മിറ്റി വെളിപ്പെടുത്തി.
ഈ സംഭവത്തെ തുടർന്ന് ദക്ഷിണ കൊറിയൻ അധികൃതർ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. സിയോളിലെ ഫ്രഞ്ച് എംബസിയുമായി ബന്ധപ്പെട്ടതായി ദക്ഷിണ കൊറിയൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.