ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യയ്ക്കെതിരായ രണ്ടാം ട്വന്റി 20യിൽ വിജയം. ആറ് പന്ത് ബാക്കി നിൽക്കെ മൂന്ന് വിക്കറ്റ് ജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. പുറത്താകാതെ നിന്ന ട്രിസ്റ്റൻ സ്റ്റബ്സാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചത്. മലയാളി താരം സഞ്ജു സാംസണിന് ഇത്തവണ ടീം ടോട്ടലിലേക്ക് വലിയ സംഭാവന നൽകാൻ സാധിച്ചില്ല. മൂന്നാം പന്തിൽ മാർകോ ജാൻസൻ സഞ്ജുവിനെ ക്ലീൻ ബൗൾഡാക്കി.
ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. തിലക് വർമ (20), അക്സർ പട്ടേൽ (27) എന്നിവർ ഭേദപ്പെട്ട സ്കോറിലെത്തിച്ചെങ്കിലും കേശവ് മഹാരാജിന്റെ പന്തിൽ ഡേവിഡ് മില്ലർ തിലകിനെ പുറത്താക്കി. പുറത്താകാതെ 39 റൺസെടുത്ത ഹാർദിക് പാണ്ഡ്യക്ക് ബിഗ് ഹിറ്റുകൾ നടത്താൻ സാധിച്ചില്ല. മാർകോ ജാൻസൻ, ജെറാൾഡ് കോട്സീ, ആൻഡിലെ സിമലാനെ, എയ്ഡൻ മാക്രം, എന്‍കബയോംസി പീറ്റര്‍ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യയുടെ സ്കോർ നിശ്ചിത ഓവറിൽ ആറിന് 124 ആയി.
റയാൻ റിക്ലത്തോണും റീസ ഹെൻഡ്രിക്സും ചേർന്ന് ദക്ഷിണാഫ്രിക്കയ്ക്ക് ഭേദപ്പെട്ട തുടക്കം നൽകി. വരുൺ ചക്രവർത്തിയുടെ സ്പിൻ മാജിക്ക് ഇന്ത്യയെ വിജയതീരത്തെത്തിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും 41 പന്തിൽ 47 റൺസെടുത്ത സ്റ്റബ്സ് പ്രോട്ടീസിനെ വിജയത്തിലെത്തിച്ചു. ഒമ്പത് പന്തിൽ 19 റൺസെടുത്ത ജെറാൾഡ് കോർട്സീ സ്റ്റബ്സിന് ശക്തമായ പിന്തുണ നൽകി. നാല് മത്സരങ്ങളുടെ പരമ്പരയിൽ ഇരുടീമുകളും ഓരോ മത്സരം വീതം വിജയിച്ചു.
Story Highlights: South Africa defeats India in second T20 match with Tristan Stubbs leading the chase