കണ്ണൂർ◾: ആർഎസ്എസ് പ്രവർത്തകൻ സൂരജിനെ കൊലപ്പെടുത്തിയ കേസിൽ അഞ്ചാം പ്രതിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. പ്രതി മനോരാജിന് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. ഒരു ലക്ഷം രൂപയുടെ ബോണ്ടും തത്തുല്യമായ ആൾ ജാമ്യവും കോടതി വ്യവസ്ഥ ചെയ്തിട്ടുണ്ട്. രാജ്യം വിട്ടുപോകരുതെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
മുഴപ്പിലങ്ങാട് എളമ്പിലായി സ്വദേശിയായ സൂരജിനെ കൊലപ്പെടുത്തിയ കേസിൽ ഒമ്പത് പ്രതികളാണുള്ളത്. ഈ കേസിൽ പത്താം പ്രതിയെ കോടതി വെറുതെ വിട്ടിരുന്നു. മനോരാജിന്റെ അപ്പീലിലാണ് ഹൈക്കോടതിയുടെ ഈ നടപടി ഉണ്ടായിരിക്കുന്നത്.
2005 ഓഗസ്റ്റ് ഏഴിന് രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓട്ടോറിക്ഷയിലെത്തിയ സംഘം മുഴപ്പിലങ്ങാട് ടെലിഫോൺ എക്സ്ചേഞ്ചിന് മുന്നിൽ വെച്ച് സൂരജിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സി.പി.ഐ.എം പ്രവർത്തകനായിരുന്ന സൂരജ് ബി.ജെ.പിയിൽ ചേർന്നതിലുള്ള വിരോധം മൂലമാണ് കൊലപാതകം നടത്തിയതെന്നാണ് കേസ്.
ഈ കേസിൽ 28 സാക്ഷികളെ വിസ്തരിക്കുകയും 51 രേഖകൾ ഹാജരാക്കുകയും ചെയ്തു. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി 12 സി.പി.ഐ.എം പ്രവർത്തകർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ ഈ കേസിലെ രണ്ട് പ്രതികൾ വിചാരണക്കിടെ മരിച്ചു.
സംഭവത്തിന് ആറുമാസം മുൻപ് സൂരജിനെ വധിക്കാൻ ശ്രമിച്ചിരുന്നു. അന്ന് ഇരുകാലിനും വെട്ടേറ്റ് ആറുമാസത്തോളം സൂരജ് കിടപ്പിലായി. ഈ കേസിൽ ഒമ്പത് പേരാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു.
Story Highlights: ആർഎസ്എസ് പ്രവർത്തകൻ സൂരജ് വധക്കേസിൽ അഞ്ചാം പ്രതിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു