ബെംഗളൂരുവിലെ ഒരു സംഗീത പരിപാടിയിൽ, ഗായകൻ സോനു നിഗം പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് നടത്തിയ പരാമർശം വിവാദത്തിലായി. പ്രാദേശിക ഭാഷയിൽ, കന്നഡയിൽ ഒരു ഗാനം ആലപിക്കാൻ ഒരു ആരാധകൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സോനു നിഗമിന്റെ വിവാദ പരാമർശം ഉണ്ടായത്. ഈ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വ്യാപക വിമർശനമാണ് ഉയരുന്നത്.
സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ, പ്രാദേശിക ഭാഷയിൽ പാടണമെന്ന് ആവശ്യപ്പെട്ട് ഒരു വിദ്യാർത്ഥി “കന്നഡ, കന്നഡ” എന്ന് ഉറക്കെ വിളിച്ചു പറയുന്നത് കാണാം. ഇതിന് മറുപടിയായാണ് സോനു നിഗം പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് പരാമർശിച്ചത്. “പഹൽഗാമിലെ സംഭവത്തിന് പിന്നിലെ കാരണം ഇതാണ്. നിങ്ങളുടെ മുന്നിൽ ആരാണ് നിൽക്കുന്നതെന്ന് ദയവായി കാണുക. എനിക്ക് നിങ്ങളെ വളരെ ഇഷ്ടമാണ്,” എന്നാണ് സോനു നിഗം പറഞ്ഞത്.
തന്റെ കരിയറിൽ ഒന്നിലധികം ഭാഷകളിൽ പാടിയിട്ടുണ്ടെന്നും എന്നാൽ ഏറ്റവും മികച്ച ഗാനങ്ങൾ കന്നഡയിലാണെന്നും സോനു നിഗം പറഞ്ഞു. കർണാടകയിൽ എത്തുമ്പോൾ വളരെയധികം സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്നെ കുടുംബാംഗത്തെ പോലെയാണ് കർണാടകയിലെ ജനങ്ങൾ പരിഗണിക്കുന്നതെന്നും എന്നാൽ തന്റെ കരിയറിന്റെ അത്രയും പ്രായമില്ലാത്ത ഒരു യുവാവ് കന്നഡയിൽ പാടാൻ ഭീഷണിപ്പെടുത്തുന്നത് ഇഷ്ടപ്പെട്ടില്ലെന്നും സോനു നിഗം പറഞ്ഞു.
എന്നാൽ, ആരാധകന്റെ ആവശ്യവും പഹൽഗാം ഭീകരാക്രമണവുമായി എന്ത് ബന്ധമാണുള്ളതെന്ന് പലരും ചോദിക്കുന്നുണ്ട്. ബെംഗളൂരുവിലെത്തിയ ഗായകനോട് ഒരു കന്നഡ ഗാനം പാടാൻ ആവശ്യപ്പെട്ടത് വലിയ തെറ്റാണോ എന്നും ചിലർ ചോദിക്കുന്നു. സോനു നിഗം മദ്യപിച്ചിരുന്നോ എന്നും ചിലർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
Story Highlights: Singer Sonu Nigam’s controversial remarks about the Pulwama terror attack during a concert in Bengaluru spark criticism.