ഹിമാചൽപ്രദേശിലെ റോത്തങ് പാസിൽ സൈനിക വിമാനം അപകടത്തിൽപ്പെട്ട് വീരമൃത്യു വരിച്ച സൈനികൻ തോമസ് ചെറിയാന്റെ മൃതദേഹം തിരുവനന്തപുരത്തെത്തി. ഇന്ന് ഉച്ചയോടെ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം എത്തിച്ചത്. സർക്കാരിന് വേണ്ടി മന്ത്രി വീണാ ജോർജ്ജ് മൃതദേഹം ഏറ്റുവാങ്ങി. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഭൗതികദേഹത്തിൽ പുഷ്പചക്രം അർപ്പിച്ചു. തോമസ് ചെറിയാന്റെ സഹോദരൻ തോമസ് തോമസ് പുഷ്പചക്രം അർപ്പിച്ച് മൃതദേഹം ഏറ്റുവാങ്ങി.
വിലാപയാത്രയായി തുറന്ന സൈനിക വാഹനത്തിൽ ഭൗതിക ശരീരം പാങ്ങോട് മിലിട്ടറി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇന്ന് പാങ്ങോട് മിലിട്ടറി സ്റ്റേഷനിലെ മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹം നാളെ വിലാപയാത്രയായി ജന്മനാടായ ഇലന്തൂരിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ 10.30ന് ഭൗതികശരീരം ഇലന്തൂർ ചന്ത ജങ്ഷനിൽ നിന്ന് സൈനിക അകമ്പടിയോടെ വീട്ടിലേക്ക് കൊണ്ടുപോകും.
12.15ന് വീട്ടിൽ സംസ്കാര ശുശ്രൂഷ നടക്കും. 12:40ന് വീട്ടിൽ നിന്ന് കാരൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിലേക്ക് വിലാപയാത്ര ആരംഭിക്കും. 01 മണി മുതൽ 02 മണി വരെ ഭൗതീകദേഹം പൊതുദർശനത്തിന് വയ്ക്കും. 02ന് പള്ളിയിൽ സമാപന ശുശ്രൂഷ നടക്കും. പൂർണ്ണ സൈനിക ബഹുമതികളോടെയാണ് തോമസ് ചെറിയാന്റെ സംസ്കാരം നടക്കുക.
Story Highlights: Funeral arrangements for soldier Thomas Cheriyan who died in Himachal Pradesh aircraft crash