കാസർഗോഡ് സ്വദേശിയായ സൈനികൻ നിതിന്റെ അവയവങ്ങൾ മരണാനന്തരം ആറ് പേർക്ക് പുതുജീവൻ നൽകി. ഫെബ്രുവരി 19ന് വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച നിതിന്റെ കോർണിയ, കരൾ, രണ്ട് വൃക്കകൾ, ഹൃദയം, ശ്വാസകോശം എന്നിവയാണ് ദാനം ചെയ്തത്. ബാംഗ്ലൂരിലെ കമാൻഡ് ഹോസ്പിറ്റൽ എയർഫോഴ്സിൽ നിന്നാണ് അവയവങ്ങൾ വിവിധ നഗരങ്ങളിലേക്ക് എത്തിച്ചത്.
നിതിന്റെ കുടുംബാംഗങ്ങൾ, ഭാര്യയും സഹോദരനും ഉൾപ്പെടെ, അവയവദാനത്തിന് സമ്മതം നൽകുകയായിരുന്നു. ഈ മഹാദാനത്തിലൂടെ ആറ് ജീവനുകൾക്ക് പുതുജീവൻ ലഭിച്ചു. അവയവമാറ്റ ശസ്ത്രക്രിയ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി ഈ സംഭവം മാറി.
ട്രാഫിക് സിനിമയെ അനുസ്മരിപ്പിക്കും വിധം പിരിമുറുക്കവും വൈകാരികതയും നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് അവയവങ്ങൾ എത്തിച്ചത്. കർണാടക സ്റ്റേറ്റ് ഓർഗൻ ട്രാൻസ്പ്ലാന്റ്, ന്യൂഡൽഹിയിലെ ആർമി ഹോസ്പിറ്റൽ (റിസർച്ച് & റഫറൽ) എന്നിവയുടെ മേൽനോട്ടത്തിലായിരുന്നു നടപടികൾ.
കോർണിയ, കരൾ, ഒരു വൃക്ക എന്നിവ ഇന്ത്യൻ എയർഫോഴ്സ് എയർബസിൽ ഡൽഹിയിലേക്ക് എത്തിച്ചു. മറ്റൊരു വൃക്ക ബാംഗ്ലൂരിലെ ഒരു രോഗിക്ക് നൽകി. ഹൃദയവും ശ്വാസകോശവും ചെന്നൈയിലെ MGM, Gleneaglse ആശുപത്രികളിലേക്ക് വിമാനമാർഗം എത്തിച്ചു.
ആർമിയും ബംഗ്ലൂരു പോലീസും ചേർന്ന് ഗ്രീൻ കോറിഡോർ സ്ഥാപിച്ചാണ് അവയവങ്ങൾ അതിവേഗം കൈമാറ്റം ചെയ്തത്. 34 വയസ്സുകാരനായ നിതിൻ കാസർഗോഡ് പെരുമ്പള സ്വദേശിയാണ്. ചെല്ലുഞ്ഞി തെക്കേവളപ്പ് വീട്ടിൽ പരേതനായ എം പി രാജന്റേയും കെ പാർവതിയുടേയും മകനാണ്.
അവധിക്കാലത്ത് നാട്ടിലെത്തിയപ്പോൾ ചട്ടഞ്ചാലിൽ വച്ചാണ് നിതിൻ സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ടത്. രാജ്യസേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച നിതിന്റെ മരണശേഷവും ആറ് ജീവനുകൾക്ക് തുണയായി.
Story Highlights: Nithin, a soldier from Kasaragod, saved six lives after his death by donating his organs.