മാസപ്പടി വിവാദത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെതിരായ കേസ് രാഷ്ട്രീയ ദുഷ്ടലാക്കോടെയാണ് ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രിക്ക് എൽഡിഎഫിന്റെ പൂർണ പിന്തുണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാസപ്പടി കേസിൽ ബിനോയ് വിശ്വത്തിന് ഉത്കണ്ഠ വേണ്ടെന്നും കേസ് കൈകാര്യം ചെയ്യാൻ വീണാ വിജയന് അറിയാമെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി ആര് ആയാലും എൽഡിഎഫിന്റെ നിലപാട് ഇതുതന്നെയായിരിക്കുമെന്ന് മന്ത്രി ശിവൻകുട്ടി കൂട്ടിച്ചേർത്തു. ബിനോയ് വിശ്വം തന്റെ നിലപാട് പറയേണ്ടത് ഇടതുമുന്നണി യോഗത്തിലാണെന്നും അദ്ദേഹം പറഞ്ഞു. കേസിൽ ആദ്യമായാണ് സിപിഐ നിലപാട് വ്യക്തമാക്കുന്നത്.
മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിഷയമല്ലെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം. മുഖ്യമന്ത്രിയോടൊപ്പം ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വീണ വിജയൻ ഒരു സ്വതന്ത്ര പൗരയാണെന്നും കേസ് എൽഡിഎഫിനെ ബാധിക്കുന്ന പ്രശ്നമല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
എക്സാലോജിക്കിന്റെ കേസ് വേറൊരു കേസ് ആണെന്നും അത് ആ വഴിക്ക് പോകട്ടെയെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. കേസ് രാഷ്ട്രീയമായി ഉപയോഗിച്ചാൽ രാഷ്ട്രീയമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. വീണക്കെതിരായത് രണ്ട് കമ്പനികൾ തമ്മിലുളള കേസാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
Story Highlights: Minister V Sivankutty criticized CPI State Secretary Binoy Viswam’s stance on the ‘Masappadi’ case.