മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്രയ്ക്ക് ഇന്ന് 61-ാം പിറന്നാൾ. നാലു പതിറ്റാണ്ടിലേറെയായി മലയാളി മനസ്സുകളെ തൊട്ടുണർത്തിക്കൊണ്ട് ചിത്രയുടെ ആഴവും പരപ്പും ആർദ്രതയുമുള്ള ഭാവതീവ്രമായ ആലാപനം ഒഴുകിക്കൊണ്ടേയിരുന്നു. പ്രണയവും വിരഹവും വിഷാദവുമെല്ലാം പെയ്തിറങ്ങിയൊഴുകുന്ന സ്വരമധുരമായ ഒരു സംഗീത നദിയാണ് ചിത്ര. കഥാപാത്രങ്ගളുടെ ആത്മഭാവങ്ങളറിഞ്ഞ്, ഗാനങ്ങളിൽ അത് സന്നിവേശിപ്പിക്കുന്ന, ഭാവതീവ്രമായ ആലാപനമാണ് ചിത്രയുടെ സവിശേഷത.
സംഗീതമായിരുന്നു ചിത്രയുടെ ജീവവായു. സംഗീതജ്ഞനായ അച്ഛൻ കരമന കൃഷ്ണൻനായരുടേയും സംഗീതാധ്യാപികയായ ശാന്തകുമാരിയുടേയും മകളായി 1963 ജൂലൈ 27ന് ജനനം. അച്ഛനായിരുന്നു ആദ്യഗുരു. ഡോക്ടർ കെ ഒാമനക്കുട്ടിയുടെ കീഴിൽ കർണാടക സംഗീത പഠനം. സംഗീതജ്ഞൻ എം ജി രാധാകൃഷ്ണനാണ് ആകാശവാണിയിലും സിനിമയിലും ചിത്രയെ ആദ്യമായി പാടിച്ചത്. എം ജി രാധാകൃഷ്ണൻ സംഗീതം പകർന്ന ‘രജനീ പറയൂ’ എന്ന ഗാനമായിരുന്നു ആദ്യ സോളോ ഹിറ്റ്.
മലയാളത്തിനു പുറമേ, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, ഒറിയ, ബംഗാളി, അസമീസ് തുടങ്ങി പതിനയ്യായിരത്തിലധികം ഗാനങ്ങൾ ചിത്ര പാടിയിട്ടുണ്ട്. ആറ് ദേശീയ പുരസ്കാരങ്ങളും പതിനാറ് സംസ്ഥാന പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ജീവിതത്തിൽ നൊമ്പരങ്ങളുടെ മുറിപ്പാടുകളുണ്ടെങ്കിലും ഒരു നറുപുഞ്ചിരി തൂകിക്കൊണ്ട്, തലമുറകളെ സംഗീതസാഗരത്തിലാറാടിച്ചുകൊണ്ടേയിരിക്കുന്നു ഈ ദേവഗായിക.