അമ്മയുടെ പുതിയ നേതൃത്വത്തിൽ സിദ്ധിഖ് ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. കൊച്ചിയിൽ നടന്ന തെരഞ്ഞെടുപ്പിലാണ് ഇത് സംഭവിച്ചത്. ജഗദീഷും ജയൻ ചേർത്തലയുമാണ് സംഘടനയുടെ പുതിയ വൈസ് പ്രസിഡന്റുമാർ. 25 വർഷത്തിന് ശേഷം ഇടവേള ബാബു ഒഴിഞ്ഞതോടെയാണ് അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്. കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവർ സിദ്ധിഖിനെതിരെ മത്സരിച്ചെങ്കിലും ഔദ്യോഗിക പക്ഷത്തിന്റെ പിന്തുണയോടെയാണ് സിദ്ധിഖിന്റെ വിജയം.
മഞ്ജു പിള്ളയും മത്സരരംഗത്തുണ്ടായിരുന്നു. അനൂപ് ചന്ദ്രനെ പരാജയപ്പെടുത്തി ബാബുരാജ് ജോയിന്റ് സെക്രട്ടറിയായി. വിടവാങ്ങൽ പ്രസംഗത്തിൽ ഇടവേള ബാബു തന്റെ വിഷമം പങ്കുവച്ചു. സൈബർ ആക്രമണങ്ങളിൽ താൻ ഒറ്റപ്പെട്ടെന്നും, ആരും ഒപ്പമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. തന്നെ പലരും പെയ്ഡ് സെക്രട്ടറിയെന്ന് വിളിച്ച് അപഹസിച്ചപ്പോൾ അമ്മയിലെ ഒരാൾ പോലും തന്നെ പിന്തുണയ്ക്കാനുണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോഹൻലാൽ മൂന്നാം തവണയും പ്രസിഡന്റായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ട്രഷറർ സ്ഥാനത്തേക്ക് ഉണ്ണി മുകുന്ദനും എതിരാളികളില്ലാതെ വിജയിച്ചു. 11 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയാണ് അമ്മയുടേത്.