കർണാടകയിലെ ഷുരൂരിൽ നടന്ന മണ്ണിടിച്ചിൽ സ്ഥലത്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ എത്തി സ്ഥിതിഗതികൾ വിലയിരുത്തി. അപകടം നടന്ന് ആറാം ദിവസമാണ് മുഖ്യമന്ത്രിയുടെ സന്ദർശനം. സൈന്യം എത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി സ്ഥലത്തെത്തിയത്. സിദ്ധരാമയ്യ സൈന്യവുമായി ചർച്ച നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
റവന്യു മന്ത്രി കൃഷ്ണ ബൈരഗൗഡയും കോഴിക്കോട് എം.പി. എം.കെ. രാഘവനും നേരത്തെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ട്. എൻ.ഡി.ആർ.എഫ്, ദേശീയ പാത അതോറിറ്റി, നാവികസേന, കോസ്റ്റ് ഗാർഡ്, അഗ്നിരക്ഷാസേന, പ്രാദേശിക പോലീസ് എന്നിവരുടെ സംയുക്ത ശ്രമത്തിലാണ് നിലവിൽ രക്ഷാപ്രവർത്തനം നടക്കുന്നത്. കേരളത്തിൽ നിന്നുള്ള രക്ഷാപ്രവർത്തകൻ രഞ്ജിത്ത് ഇസ്രയേലും സ്ഥലത്തുണ്ട്.
ബെലഗാവിയിൽ നിന്ന് മേജർ അഭിഷേകിന്റെ നേതൃത്വത്തിൽ 40 അംഗ സൈന്യം മൂന്ന് ട്രക്കുകളിലായി അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. റഡാറിൽ സിഗ്നൽ ലഭിച്ച പ്രദേശം കേന്ദ്രീകരിച്ചാണ് നിലവിൽ തിരച്ചിൽ നടത്തുന്നത്. എന്നാൽ ശക്തമായ മഴ പെയ്തതിനാൽ തെരച്ചിൽ ദുർഘടമായിരിക്കുകയാണ്.