മൈസൂരു മുഡ ഭൂമി ഇടപാട് കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് ലോകായുക്ത. ബംഗളുരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മൈസൂരു ലോകായുക്ത പൊലീസാണ് കേസ് അന്വേഷിക്കേണ്ടത്. മൂന്നു മാസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്.
സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാർവതിക്ക് മൈസൂരുവിൽ ഭൂമി അനുവദിച്ചത് നിയമവിരുദ്ധമാണെന്നും ഇത് ഖജനാവിന് 45 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും ജൂലൈയിൽ ലോകായുക്തയിൽ എബ്രഹാം പരാതി നൽകിയിരുന്നു. സിദ്ധരാമയ്യ, ഭാര്യ, മകൻ എസ് യതീന്ദ്ര, മുഡയിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ പേരുകളിലാണ് പരാതി നൽകിയത്. എന്നാൽ തൻ്റെ ഭാര്യക്ക് ലഭിച്ച ഭൂമി 1998-ൽ സഹോദരൻ മല്ലികാർജുന സമ്മാനിച്ചതാണെന്ന് സിദ്ധരാമയ്യ അവകാശപ്പെട്ടിരുന്നു.
ഇന്നലെ ഗവർണർക്കെതിരെ സിദ്ധരാമയ്യ നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളിയിരുന്നു. കേസിൽ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ നൽകിയ അനുമതിക്കെതിരെ നൽകിയ ഹർജിയാണ് തള്ളിയത്. ജസ്റ്റിസ് നാഗപ്രസന്നയുടെ ബെഞ്ചാണ് വിധി പറഞ്ഞത്. ഈ സാഹചര്യത്തിലാണ് ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
Story Highlights: Lokayukta orders investigation against Karnataka CM Siddaramaiah in Mysuru MUDA land deal case