ഗുരുവായൂരിൽ നൃത്താവതരണവുമായി ശ്വേതാ വാരിയർ എത്തുന്നു. മെയ് 4 ഞായറാഴ്ച രാവിലെ 9 മണിക്ക് ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലാണ് പരിപാടി. മുംബൈയിൽ വളർന്ന കേരളീയ നർത്തകിയായ ശ്വേതാ വാരിയർ, സ്ട്രീറ്റ് ഓ ക്ലാസിക്കൽ നൃത്തശൈലിയുടെ ആദ്യ ഗുരുവായും അറിയപ്പെടുന്നു.
കൊടുങ്ങല്ലൂർ സ്വദേശിനിയായ ശ്വേതാ ചെറുപ്പം മുതൽ അമ്മ അംബിക വാരസ്യാരിൽ നിന്ന് ഭരതനാട്യം അഭ്യസിച്ചു. ഒഡീഷയിലെ കട്ടക്കിൽ നിന്നുള്ള നൃത്യശ്രേഷ്ഠ, ആന്ധ്രപ്രദേശിലെ ചിലകലൂരി പെട്ടിൽ നിന്നുള്ള നാട്യ മയൂരി പുരസ്കാരങ്ങൾ ഉൾപ്പെടെ 20 ലധികം ദേശീയ പുരസ്കാരങ്ങൾ 15-ാം വയസ്സിനുള്ളിൽ നേടിയിട്ടുണ്ട്.
ഇന്ത്യയുടെ ഇന്റർനാഷണൽ നൃത്തരൂപമായി അറിയപ്പെടുന്ന ‘സ്ട്രീറ്റ് ഓ ക്ലാസിക്കൽ’ എന്ന നൃത്തരീതി ശ്വേത തന്നെയാണ് രൂപപ്പെടുത്തിയത്. ഭാരതനാട്യവും ഹിപ് ഹോപ്പും സമന്വയിപ്പിച്ച ഈ നൃത്തരീതിക്ക് ഇന്ത്യയിലും വിദേശത്തും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
സോണി ചാനലിലെ ഇന്ത്യാസ് ബേസ്റ്റ് ഡാൻസർ സീസൺ 1 ലൂടെയാണ് ശ്വേത പ്രശസ്തിയിലേക്ക് ഉയർന്നത്. ഗോവയിലെ സെറാൻഡിപെട്ടി ഫെസ്റ്റിവലിലും മുംബൈയിലെ കാലാഘോഡ ഫെസ്റ്റിവലിലും ശ്വേതയുടെ നൃത്തം അരങ്ങേറിയിട്ടുണ്ട്.
പൂനെ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിലെ വിദ്യാർത്ഥികളുടെ ‘പോച്ചമ്മ’ (2022) എന്ന സിനിമയിൽ നായികയായും ശ്വേത അഭിനയിച്ചിട്ടുണ്ട്. കൊക്കകോള, സൺ സിൽക്ക്, പൂമ ഷൂസ് തുടങ്ങിയ പരസ്യങ്ങളിലും ടി സിരീസ്, ആർട്ടിസ്റ്റ് ഫസ്റ്റ് തുടങ്ങിയ മ്യൂസിക് ആൽബങ്ങളിലും ശ്വേതയുടെ നൃത്തം ട്രെൻഡിങ് ആണ്.
അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, മിഥുൻ ചക്രവർത്തി, ടൈഗർ ഷ്റോഫ്, അല്ലു അർജുൻ, കങ്കണ റണാവത്, മാധുരി ദീക്ഷിത്, ആലിയ ഭട്ട്, തമന്ന ഭാട്ടിയ, മീനാക്ഷി ശേഷാദ്രി തുടങ്ങിയ പ്രമുഖർക്കൊപ്പവും ശ്വേത നൃത്തം ചെയ്തിട്ടുണ്ട്. യുനെസ്കോ അംഗീകരിച്ച ഇന്റർനാഷണൽ ഡാൻസ് ഡയറക്ടറിയിൽ ശ്വേതയുടെയും അമ്മ അംബിക വാരസ്യാരുടെയും പേരുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഹിന്ദി ചാനലുകളിൽ കൊറിയോഗ്രാഫറായും ശ്വേത പ്രവർത്തിക്കുന്നു. വിക്രം വേദ എന്ന സിനിമയിൽ ഗണേഷ് ഹെഗ്ഡെയുടെ നൃത്ത സംവിധാന സഹായിയായിരുന്നു. അച്ഛൻ ചന്ദ്രശേഖരൻ ട്രാവൽ ഏജൻസിയിൽ ജോലി ചെയ്യുന്നു. സഹോദരൻ ശരത് വാരിയർ ഡോക്യുമെന്ററി സിനിമ എഡിറ്റിംഗ് രംഗത്താണ്.
മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ്, സീ കേരളയിലെ ഡാൻസ് ഷോ, അമൃത ടിവിയിലെ സൂപ്പർ ഡാൻസർ ജൂനിയർ, തെലുങ്കിലെ ‘ഇ’ ചാനലിലെ ധീ ഡാൻസ് ഷോ എന്നിവയിലും ശ്വേത പങ്കെടുത്തിട്ടുണ്ട്. സിനിമകളുടെ പ്രചാരണത്തിനായി ഇൻഫ്ലുൻസർ ആയും ശ്വേത പ്രവർത്തിക്കുന്നുണ്ട്. ഗുരുവായൂരിൽ ആദ്യമായാണ് ശ്വേത നൃത്തം അവതരിപ്പിക്കുന്നത്.
Story Highlights: Shweta Varier, a Mumbai-based Malayali dancer and pioneer of the “Street O Classical” dance style, will perform at Guruvayur Melpathur Auditorium on May 4.