കര്ണാടകയിലെ ഷിരൂരില് മണ്ണിടിച്ചിലില് കാണാതായ മലയാളി ഡ്രൈവര് അര്ജുനെ കണ്ടെത്താനുള്ള തിരച്ചില് ഗംഗാവലിപ്പുഴയില് തുടരുകയാണ്. നേവിയുടേയും എന്ഡിആര്എഫിന്റേയും സംഘങ്ങള് സംയുക്തമായി പുഴയില് പരിശോധന നടത്തുന്നു. ഈശ്വര് മാല്പെ സംഘവും തിരച്ചിലില് പങ്കെടുക്കുന്നുണ്ട്. അര്ജുനെ കാണാതായിട്ട് ഒരു മാസമാകുന്ന സാഹചര്യത്തിലാണ് തിരച്ചില് ഊര്ജിതമാക്കിയിരിക്കുന്നത്.
അര്ജുന്റെ ലോറിയില് നിന്ന് കണ്ടെത്തിയ കയര് കണ്ടെത്തിയ സ്ഥലത്തെ കേന്ദ്രീകരിച്ചാണ് ഇപ്പോഴും തിരച്ചില് നടക്കുന്നത്. നേവി സംഘം മാര്ക്ക് ചെയ്ത പോയിന്റ് 1, 2 എന്നിവിടങ്ങളില് നിലയുറപ്പിച്ചിരിക്കുകയാണ്. പുഴയുടെ അടിത്തട്ടില് കണ്ടെത്തിയ മരം നീക്കം ചെയ്യാനുള്ള പ്രവര്ത്തനങ്ങളിലേക്ക് സംഘം കടന്നേക്കും. നിലവില് ഗംഗാവലിപ്പുഴയിലും പരിസരത്തും അനുകൂല കാലാവസ്ഥയാണെന്നും ഒഴുക്ക് 2 നോട്സിലും താഴെയാണെന്നുമാണ് റിപ്പോര്ട്ട്.
അര്ജുന്റെ സഹോദരി ട്വന്റിഫോറിനോട് സംസാരിച്ചപ്പോള്, പലരും പലതും തങ്ങളോട് പറയുന്നുണ്ടെന്നും എന്താണ് സംഭവിച്ചതെന്ന് വ്യക്തത ആവശ്യമാണെന്നും അവര് പറഞ്ഞു. ഇന്നലെ സ്വാതന്ത്ര്യദിനമായതിനാല് തിരച്ചില് നടത്തിയിരുന്നില്ല. നദിയ്ക്കടിയില് നിന്ന് കണ്ടെടുത്ത കയര് തന്റെ ലോറിയിലുണ്ടായിരുന്നത് തന്നെയെന്ന് ലോറിയുടമ മനാഫ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില് തിരച്ചില് കൂടുതല് ശക്തമാക്കിയിരിക്കുകയാണ്.
Story Highlights: Rescue operation continues in Gangavali River to find missing Malayalam driver Arjun after Ankola landslide in Shirur, Karnataka