കർണാടക ഷിരൂർ മണ്ണിടിച്ചിൽ: കാണാതായ മലയാളി ഡ്രൈവറെ തേടി തിരച്ചിൽ തുടരുന്നു

Anjana

Karnataka landslide missing driver search

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. എന്നാൽ, ഈശ്വർ മാൽപെ സംഘത്തിന് ഔദ്യോഗിക അനുമതി ലഭിച്ചിട്ടില്ല. സ്വന്തം റിസ്കിലാണ് അവർ മുങ്ങൽ നടത്തുന്നത്. കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിന്റെ ഇടപെടലിനെ തുടർന്നാണ് തിരച്ചിൽ മുന്നോട്ട് പോകുന്നത്. ഗംഗാവാലി നദിയിലെ ശക്തമായ അടിയൊഴുക്കാണ് ഔദ്യോഗിക അനുമതി നൽകാതിരിക്കാൻ കാരണം.

അടിയന്തിര സാഹചര്യത്തിൽ ഇടപെടാൻ നേവിക്ക് കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. നദിയിൽ നേവി സുരക്ഷയൊരുക്കും. മുള കുത്തി നിർത്തി അതിൽ ഊർന്ന് താഴേക്കിറങ്ങുന്നതാണ് സ്കൂബാ ടീമിന്റെ രീതി. ഇതിനായി മുളകൾ ഗംഗാവാലിയിൽ എത്തിച്ചിട്ടുണ്ട്. അർജുന്റേതെന്ന് കരുതുന്ന ട്രക്ക് ഉണ്ടെന്ന് ഉറപ്പിച്ച പോയിന്റ് നമ്പർ ഫോറിലാണ് പരിശോധനകൾ നടക്കുന്നത്. മൂന്ന് തവണ മുങ്ങൽ നടത്തിയെങ്കിലും കാര്യമായൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇരുപതിലേറെ നിർണായക രക്ഷാദൗത്യങ്ങളിൽ പങ്കെടുത്തിട്ടുള്ള വിദഗ്ധനാണ് ഈശ്വർ മാൽപെ. ഗംഗാവാലി പുഴയെ നന്നായി അറിയുന്ന പ്രദേശത്തെ മത്സ്യത്തൊഴിലാളികളും മാൽപെയുടെ സംഘത്തിനൊപ്പമുണ്ട്. അർജുൻ സഞ്ചരിച്ച ട്രക്കിന്റെ ചിത്രം ഗംഗാവലിപ്പുഴയിലെ ഡ്രോൺ പരിശോധനയിൽ ലഭിച്ചതായി കൻവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ മാധ്യമങ്ങളോട് പറഞ്ഞു. ചെരിഞ്ഞ നിലയിലാണ് ട്രക്കെന്നും അദ്ദേഹം വ്യക്തമാക്കി. റഡാർ, സോണൽ സിഗ്നലുകൾ കണ്ട സ്ഥലത്ത് നിന്നാണ് ട്രക്കിന്റെ സാന്നിധ്യം കണ്ടെത്തിയത്.