കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ലോറിയുടെ സ്ഥാനം കണ്ടെത്തിയതായി നാവികസേന അറിയിച്ചു. സോണാർ ചിത്രം പുറത്തുവിട്ട നേവി, കോൺടാക്ട് വൺ എന്ന സ്ഥലത്താണ് ട്രക്ക് ഉള്ളതെന്ന് 90 ശതമാനം നിഗമനത്തിലെത്തി. ഇന്നലെ ലഭിച്ച സൂചന കേന്ദ്രീകരിച്ച് കൂടുതൽ പരിശോധന നടത്തിവരികയാണ്. ഉത്തര കന്നഡ ജില്ലാ പൊലീസ് മേധാവി ദൗത്യ മേഖലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
ഗംഗാവാലി പുഴയുടെ സമീപത്ത് നിന്ന് രണ്ട് സിഗ്നലുകൾ ലഭിച്ചതായി ഉത്തര കന്നഡ ജില്ലാ കളക്ടർ സ്ഥിരീകരിച്ചു. സൈഡ് സ്കാൻ സോണാർ പരിശോധനയിലാണ് ലോറിയുടേതെന്ന് സംശയിക്കുന്ന സിഗ്നലുകൾ കണ്ടെത്തിയത്. നദിയോട് ചേർന്ന് ലഭിച്ച സിഗ്നൽ കേന്ദ്രീകരിച്ച് തിരച്ചിൽ പുരോഗമിക്കുകയാണ്. ഗംഗാവാലി നദിയുടെ തീരത്ത് നിന്ന് മണ്ണ് നീക്കി പരിശോധന നടത്തുന്നു. കൃത്യമായ സൂചനകൾ രക്ഷാദൗത്യത്തിന് ലഭിച്ചതായാണ് റിപ്പോർട്ട്.
തിരച്ചിൽ നടക്കുന്ന സ്ഥലത്ത് നിന്ന് ലഭിച്ച ചില സൂചനകളുടെ അടിസ്ഥാനത്തിലാണ് ദൗത്യം പുരോഗമിക്കുന്നത്. ഇന്ന് രാത്രിയിലും തിരച്ചിൽ തുടരുമെന്നും ഒരു ശുഭവാർത്ത നൽകാൻ കഴിയുമെന്നും സതീഷ് കൃഷ്ണ സെയിൽ എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു. ബൂം എസ്കവേറ്റർ ഉപയോഗിച്ചാണ് തിരച്ചിൽ പുരോഗമിക്കുന്നത്.