ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മൂന്ന് പേരെ കണ്ടെത്താനുള്ള പരിശോധന ഗംഗാവലി പുഴയിൽ തുടരുകയാണ്. മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ നടത്തിയ പരിശോധനയിൽ ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തിയതായി അറിയിച്ചു. CP4 മാർക്കിൽ നിന്ന് 30 മീറ്റർ അകലെ 15 അടി താഴ്ചയിൽ നിന്നാണ് ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തിയത്. ലോറി തലകീഴായി കിടക്കുന്നതായും മാൽപെ വ്യക്തമാക്കി.
ലോറിയുടെ മുൻഭാഗത്തുള്ള രണ്ട് ടയറുകളും അതിനിടയിലുള്ള കമ്പിയുടെ ഭാഗവുമാണ് കണ്ടെത്തിയതെന്ന് ലോറി ഉടമ മനാഫ് അറിയിച്ചു. എന്നാൽ ഇത് ഏത് ലോറിയാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബാക്കി ഭാഗങ്ങൾ മണ്ണിനടിയിലാകാം എന്നാണ് കരുതുന്നത്. ഡ്രഡ്ജർ ഈ ഭാഗത്തേക്ക് അടുപ്പിച്ചിട്ടുണ്ട്. ക്യാമറയുമായി പുഴയിൽ ഇറങ്ങി കൂടുതൽ പരിശോധന നടത്തുമെന്ന് മാൽപെ അറിയിച്ചു.
നേരത്തെ നടത്തിയ പരിശോധനയിൽ പുഴയിൽ നിന്ന് അക്കേഷ്യ തടിക്കഷ്ണങ്ങൾ കണ്ടെത്തിയിരുന്നു. ഇത് കാണാതായ അർജുൻ ലോറിയിൽ കൊണ്ടുവന്ന മരക്കഷ്ണങ്ങളാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെ മൂന്നുപേരെയാണ് മണ്ണിടിച്ചിലിൽ കാണാതായത്. അവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.
Story Highlights: Diver Eshwar Malpe finds parts of lorry in Shiroor landslide rescue operation