ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായവർക്കായുള്ള നിർണായക തിരച്ചിലിനായി ഗോവയിൽ നിന്നും പുറപ്പെട്ട ഡ്രഡ്ജർ കർണാടകയിലെ കാർവാർ തുറമുഖത്തെത്തി. അർജുൻ ഉൾപ്പെടെ മൂന്നു പേർക്കായാണ് ഇപ്പോൾ തിരച്ചിൽ നടത്തുന്നത്. ഇക്കഴിഞ്ഞ ജൂലൈ പതിനാറിനാണ് ഷിരൂരിലെ മണ്ണിടിച്ചിലിൽ അർജുനൊപ്പം ലോറിയും കാണാതായത്. ഈ തിരച്ചിൽ അവർക്ക് എന്തു സംഭവിച്ചുവെന്ന ചോദ്യത്തിനുള്ള ഉത്തരമായി മാറും.
ടഗ് ബോട്ടുകളിൽ ഘടിപ്പിച്ചാണ് ഡ്രഡ്ജർ കാർവാർ തുറമുഖത്തെത്തിച്ചത്. പ്രതികൂല കാലാവസ്ഥ മൂലം കഴിഞ്ഞദിവസം ഡ്രഡ്ജറിന്റെ യാത്ര നിർത്തിവെച്ചിരുന്നു. ഇന്ന് രാവിലെയാണ് ഡ്രഡ്ജർ വീണ്ടും പുറപ്പെട്ടത്. ആറു മുതൽ ഒൻപതു മണിക്കൂർ വരെ യാത്രയ്ക്ക് സമയമെടുക്കുമെന്നതിനാൽ ഇന്ന് ഷിരൂരിലെത്താൻ സാധ്യതയില്ല. നാളെ രാവിലെയാകും ഡ്രഡ്ജർ പുറപ്പെടുകയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
കാറ്റിന്റെ ഗതി, തിരമാലകളുടെ ഉയരം, മഴക്കോൾ എന്നിവ നിരീക്ഷിച്ച ശേഷമായിരിക്കും ഷിരൂരിലേക്കുള്ള യാത്ര. നാവികസേനയുടെ സോണാർ പരിശോധനയിൽ ലോഹഭാഗങ്ങൾ കണ്ടെത്തിയ ഇടത്താണ് ആദ്യഘട്ട തിരച്ചിൽ നടത്തുക. ഗോവയിലെ മർമഗോവ തുറമുഖത്തു നിന്ന് ചൊവ്വാഴ്ച പുലർച്ചെ യാത്ര തിരിച്ച ഡ്രെഡ്ജർ വൈകിട്ടോടെ ഉത്തര കന്നഡ ജില്ലയുടെ തീരാതിർത്തിയിൽ പ്രവേശിച്ചിരുന്നു. എന്നാൽ കാറ്റിന്റെ വേഗം കൂടിയതിനാൽ യാത്ര തടസ്സപ്പെട്ടു. ഇതേത്തുടർന്ന് സുരക്ഷിതമായ സ്ഥലത്ത് നിർത്തി ബുധനാഴ്ച പുലർച്ചെ യാത്ര തുടരാൻ തീരുമാനിച്ചു.
Story Highlights: Dredger arrives at Karwar port for crucial search operation in Shiroor landslide