മലപ്പുറത്തെ സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറത്തെ വെണ്ണായൂർ എഎംഎൽപി സ്കൂളിലെ നാല് കുട്ടികൾക്കാണ് രോഗബാധ കണ്ടെത്തിയത്. ഭക്ഷ്യവിഷബാധയേറ്റ് 127 കുട്ടികൾ ചികിത്സ തേടിയിരുന്നു. ദഹനവ്യവസ്ഥയെ ബാധിക്കുന്ന ബാക്ടീരിയ മൂലമാണ് ഈ രോഗം പടരുന്നത്. കടുത്ത വയറുവേദനയും ഛർദിയുമാണ് പ്രധാന ലക്ഷണങ്ങൾ.
രോഗബാധിതരായ കുട്ടികൾ വീട്ടിൽ ചികിത്സയിൽ തുടരുകയാണ്. എന്നാൽ ആരുടെയും നില ഗുരുതരമല്ല. സ്കൂളിൽ നിന്നുള്ള ഭക്ഷണ സാമ്പിളുകൾ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഫലം ലഭിച്ചാൽ മാത്രമേ രോഗം പടർന്ന സാഹചര്യം വ്യക്തമാകൂ. ജില്ലയിലെ മറ്റ് സ്കൂളുകൾക്ക് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഭക്ഷണം സുരക്ഷിതമായി സൂക്ഷിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
അതേസമയം, വള്ളിക്കുന്ന് പ്രദേശത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. അത്താണിക്കലിൽ 284 രോഗികളാണുള്ളത്. ഈ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് കർശന ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.