എറണാകുളം: സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി പ്രൊഡക്ഷൻ മാനേജർ നിജുരാജ് രംഗത്ത്. ജനുവരി 23ന് തേവര സേക്രട്ട് ഹാർട്ട് കോളേജ് ഗ്രൗണ്ടിൽ നടന്ന ‘ഉയിരേ’ എന്ന സംഗീത പരിപാടിയുമായി ബന്ധപ്പെട്ടാണ് തർക്കം.
പരിപാടിയുടെ സംഘാടനത്തിനും നടത്തിപ്പിനുമായി 35 ലക്ഷം രൂപ ചെലവാക്കിയെന്നും എന്നാൽ ഷാൻ റഹ്മാൻ തനിക്ക് പ്രതിഫലം നൽകിയില്ലെന്നുമാണ് നിജുരാജിന്റെ ആരോപണം. ഷാൻ റഹ്മാനെതിരെ എറണാകുളം സൗത്ത് പൊലീസ് വഞ്ചനാ കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
ഇറ്റേണൽ റേ എന്ന മ്യൂസിക് ട്രൂപ്പിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടി കഴിഞ്ഞ ശേഷം പണം നൽകാതെ വഞ്ചിച്ചുവെന്നും പണം ആവശ്യപ്പെട്ടപ്പോൾ ഭീഷണിപ്പെടുത്തിയെന്നും നിജുരാജ് പരാതിയിൽ പറയുന്നു.
എന്നാൽ, ഈ ആരോപണങ്ങളെല്ലാം ഷാൻ റഹ്മാൻ നിഷേധിച്ചിട്ടുണ്ട്. തന്നെ വഞ്ചിച്ചത് നിജുരാജാണെന്നും അദ്ദേഹത്തിനെതിരെ പരാതി നൽകിയിട്ടുണ്ടെന്നും ഷാൻ റഹ്മാൻ പറഞ്ഞു.
നിലവിലുള്ള പരാതി തന്നെ താറടിക്കാനും നേരത്തെ നൽകിയ പരാതി അട്ടിമറിക്കാനുമുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു. നിയമപരമായി ഈ പരാതിയെ നേരിടുമെന്നും ഷാൻ റഹ്മാൻ വ്യക്തമാക്കി.
Story Highlights: Music composer Shan Rahman faces fraud allegations from production manager Niju Raj over a music event in Kochi.