ഷാരൂഖ് ഖാന്റെ മുംബൈയിലെ പ്രശസ്തമായ വസതിയായ മന്നത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ മേയ് മാസത്തിൽ ആരംഭിക്കും. മന്നത്തിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ രണ്ടുവർഷം വരെ നീണ്ടുനിൽക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ സമയത്ത് ഷാരൂഖും കുടുംബവും ബാന്ദ്രയിലെ പാലി ഹിൽ ഏരിയയിലെ ഒരു ആഡംബര അപ്പാർട്ട്മെന്റിലേക്ക് താമസം മാറും. ചലച്ചിത്ര നിർമ്മാതാവ് വാഷു ഭഗ്നാനി നിർമ്മിച്ച പൂജ കാസ എന്ന അപ്പാർട്ട്മെന്റിന്റെ നാല് നിലകളാണ് ഷാരൂഖ് പാട്ടത്തിനെടുത്തിരിക്കുന്നത്.
മന്നത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കിടെ താമസസൗകര്യത്തിനായാണ് ഷാരൂഖ് ഈ അപ്പാർട്ട്മെന്റ് താത്കാലികമായി വാടകയ്ക്കെടുത്തിരിക്കുന്നത്. മൂന്ന് വർഷത്തേക്കാണ് കരാർ. മാസം 24 ലക്ഷം രൂപയാണ് വാടക. ഷാരൂഖിന്റെ സെക്യൂരിറ്റി സ്റ്റാഫിനും ഓഫീസ് ആവശ്യങ്ങൾക്കും കെട്ടിടത്തിൽ സൗകര്യമുണ്ട്. ഷാരൂഖിന്റെ കമ്പനിയായ റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ്സ് വാഷു ഭഗ്നാനിയുടെ മക്കളായ ജാക്കി ഭഗ്നാനി, ദീപ്ശിഖ ദേശ്മുഖ് എന്നിവരുമായി കരാറിലെത്തിയതായാണ് റിപ്പോർട്ടുകൾ.
മന്നത്ത് എന്ന പൈതൃക കെട്ടിടം 1914-ൽ നരിമാൻ കെ ദുബാഷ് നിർമ്മിച്ചതാണ്. മുമ്പ് വില്ല വിയന്ന എന്നറിയപ്പെട്ടിരുന്ന ഈ കെട്ടിടം 2001-ൽ ഷാരൂഖ് ഖാൻ വാങ്ങി. യെസ് ബോസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഷാരൂഖിന് ഈ കെട്ടിടത്തിൽ താൽപ്പര്യം ജനിച്ചത്. ഗ്രേഡ് ത്രീ പൈതൃക പദവി കാരണം വലിയ മാറ്റങ്ങൾ വരുത്താൻ അനുവാദമില്ലാത്തതിനാൽ മന്നത്ത് അനെക്സ് എന്ന ആറ് നിലകളുള്ള ഘടന പിന്നീട് നിർമ്മിക്കുകയായിരുന്നു.
കഴിഞ്ഞ വർഷം നവംബറിൽ ഗൗരി ഖാൻ, മന്നത്ത് അനക്സിൽ രണ്ട് അധിക നിലകൾ കൂട്ടിച്ചേർക്കാൻ മഹാരാഷ്ട്ര തീരദേശ മേഖല മാനേജ്മെന്റ് അതോറിറ്റിയുടെ (എംസിഇസെഡ്എംഎ) അനുമതി തേടിയിരുന്നു. മന്നത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി ഷാരൂഖും കുടുംബവും താൽക്കാലികമായി മറ്റൊരു വാസസ്ഥലം തേടിയത് ആരാധകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്. മന്നത്തിന്റെ പുതിയ രൂപം എങ്ങനെയിരിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.
Story Highlights: Shah Rukh Khan and family will temporarily relocate to a rented apartment during Mannat’s renovation.