സൽമാൻഖാനു ശേഷം ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനെത്തേടിയും അജ്ഞാതരുടെ ഭീഷണി സന്ദേശങ്ങൾ എത്തിയിരിക്കുകയാണ്. മുംബൈയിലെ ബാന്ദ്ര പൊലീസ് സ്റ്റേഷനിലാണ് കോടികൾ തങ്ങൾക്ക് നൽകിയില്ലെങ്കിൽ കിങ് ഖാനെ ഉപദ്രവിക്കുമെന്ന തരത്തിലുള്ള ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ ഫോൺകോൾ ഛത്തീസ്ഗഢിൽ നിന്നാണെന്ന് കണ്ടെത്തി. ഫൈസാൻഖാൻ എന്നയാളുടെ പേരിലുള്ള ഫോണിൽ നിന്നാണ് ഭീഷണി സന്ദേശം വന്നത്. ഛത്തീസ്ഗഡ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വർഷവും സമാന രീതിയിൽ ഷാരൂഖ് ഖാന് അജ്ഞാതരിൽ നിന്ന് വധഭീഷണി ലഭിച്ചിരുന്നു. തുടർന്ന് സർക്കാർ ഇടപെട്ട് അദ്ദേഹത്തിൻ്റെ സുരക്ഷ വൈ പ്ലസ് കാറ്റഗറിയിലേക്ക് ഉയർത്തി. ഇതോടെ 24 മണിക്കൂറും സായുധരായ 6 ഉദ്യോഗസ്ഥരുടെ സുരക്ഷ സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്.
നടൻ സൽമാൻഖാന് നേരെ ലോറൻസ് ബിഷ്ണോയി സംഘം ഭീഷണി സന്ദേശം അയച്ച് ദിവസങ്ങൾക്കു ശേഷമാണ് ഷാരൂഖിന് നേരെയും ഭീഷണി വന്നിട്ടുള്ളത്. ഈ സാഹചര്യത്തിൽ പൊലീസ് ഈ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ബോളിവുഡ് താരങ്ങൾക്കെതിരെയുള്ള ഭീഷണികൾ ആശങ്കയുളവാക്കുന്ന സാഹചര്യത്തിൽ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കാൻ അധികൃതർ നടപടികൾ സ്വീകരിച്ചേക്കും.
Story Highlights: Bollywood superstar Shah Rukh Khan receives threat messages from unknown persons, police investigating