സംഗീതസംവിധായകൻ രമേശ് നാരായണനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം തുടരുകയാണ്. നടൻ ആസിഫ് അലിയെ അപമാനിച്ചെന്ന ആരോപണത്തെ തുടർന്നാണ് ഈ പ്രതിഷേധം. സിനിമാ-രാഷ്ട്രീയ രംഗത്തെ പ്രമുഖർ ആസിഫ് അലിക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. വടകര എം.
പി. ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ പ്രതികരിച്ചു. ആസിഫ് അലി മലയാളികൾക്ക് അഭിമാനമാണെന്ന് അദ്ദേഹം കുറിച്ചു. നടനും സംവിധായകനുമായ നാദിർഷയും സംഭവത്തിൽ പരോക്ഷമായി പ്രതികരിച്ചു.
‘സംഗീതബോധം മാത്രം പോരാ, അല്പം സാമാന്യബോധം കൂടി വേണം’ എന്ന് നാദിർഷ ഫേസ്ബുക്കിൽ കുറിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലും ആസിഫ് അലിക്ക് പിന്തുണ പ്രഖ്യാപിച്ചു. സിനിമാ പശ്ചാത്തലമില്ലാതെ, പരിമിതികൾ ഏറെയുണ്ടായിട്ടും കഠിനാധ്വാനത്തിലൂടെ നിലനിൽക്കുന്ന ഒരു നടനെ ‘സീനിയോറിറ്റി കോംപ്ലക്സിലൂടെ’ റദ്ദ് ചെയ്യാൻ ശ്രമിച്ചാൽ ഇല്ലാതാകില്ലെന്ന് അദ്ദേഹം കുറിച്ചു. എം.
ടി. വാസുദേവൻ നായരുടെ ഒൻപത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ‘മനോരഥങ്ങൾ’ എന്ന ചലച്ചിത്ര സമാഹാരത്തിന്റെ ട്രെയ്ലർ ലോഞ്ച് ചടങ്ങിനിടെയായിരുന്നു സംഭവം. രമേശ് നാരായണന് പുരസ്കാരം സമ്മാനിക്കാൻ ആസിഫ് അലിയെ ക്ഷണിച്ചെങ്കിലും രമേശ് നാരായണൻ പുരസ്കാരം സ്വീകരിച്ചില്ലെന്നാണ് ആരോപണം. എന്നാൽ, സംഭവത്തിൽ വിശദീകരണവുമായി രമേശ് നാരായണൻ രംഗത്തെത്തി.
ആസിഫ് അലിയെ താൻ അപമാനിച്ചിട്ടില്ലെന്നും അങ്ങനെ തോന്നിയെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.