കാനഡയിലെ ജസ്റ്റിൻ ട്രൂഡോ സർക്കാർ ഗുരുതരമായ പ്രതിസന്ധിയിലാണ്. ജഗ്മീത് സിംഗിന്റെ ന്യൂ ഡെമോക്രാറ്റിക് പാർട്ടി പിന്തുണ പിൻവലിച്ചതാണ് ഈ പ്രതിസന്ധിക്ക് കാരണം. ഇതോടെ പുതിയ സഖ്യമുണ്ടാക്കി ഭരണം നിലനിർത്താൻ ട്രൂഡോ കഠിനമായി പരിശ്രമിക്കേണ്ടി വരും. സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു വിഡിയോയിലൂടെയാണ് ജഗ്മീത് സിംഗ് പിന്തുണ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചത്.
ട്രൂഡോയുടെ ലിബറൽ സർക്കാർ പ്രതിപക്ഷമായ കൺസർവേറ്റീവുകളെ നേരിടുന്നതിൽ അശക്തരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജഗ്മീത് സിംഗ് പിന്തുണ പിൻവലിച്ചത്. കോർപറേറ്റ് അത്യാഗ്രഹത്തിന് അടിമയായി കഴിഞ്ഞെന്ന് ട്രൂഡോ വീണ്ടും വീണ്ടും തെളിയിക്കുകയാണെന്നും ജഗ്മീത് രൂക്ഷമായി വിമർശിച്ചു. ലിബറലുകൾക്ക് കാനേഡിയൻ ജനതയിൽ നിന്ന് ഒരു അവസരം കൂടി ലഭിക്കാൻ അർഹതയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അടുത്ത വർഷമാണ് കാനഡയിൽ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്. 2022 മാർച്ചിലാണ് ജഗ്മീതിന്റെ പാർട്ടി ട്രൂഡോയുടെ പാർട്ടിയുമായി സഖ്യത്തിലായത്. സെപ്തംബർ 16ന് ഒട്ടാവയിൽ പാർലമെന്റ് സമ്മേളനം നടക്കാനിരിക്കെയാണ് സർക്കാരിനെ ഭരണപ്രതിസന്ധിയിലാക്കിക്കൊണ്ട് ജഗ്മീതിന്റെ പാർട്ടി പിന്തുണ പിൻവലിക്കുന്നത്. ഖലിസ്ഥാൻ നേതാവ് നിജ്ജറിന്റെ കൊലപാതകത്തിന് ശേഷം ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം ഉലയാൻ കാരണമായത് ജഗ്മീതിന്റെ സമ്മർദം കൊണ്ടാണെന്ന റിപ്പോർട്ടുകളും ഉണ്ടായിരുന്നു.
Story Highlights: Jagmeet Singh’s NDP withdraws support from Trudeau’s government, causing political crisis in Canada