സീരിയൽ ലൊക്കേഷനിൽ വെച്ച് ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയുമായി യുവതി രംഗത്ത്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയ അസീം ഫാസിലിനെതിരെയാണ് പരാതി. ജൂനിയർ ആർട്ടിസ്റ്റുകളെ കാഴ്ചവയ്ക്കാൻ പ്രൊഡക്ഷൻ കൺട്രോളർ നിരന്തരം ആവശ്യപ്പെട്ടിരുന്നതായി പരാതിക്കാരി 24നോട് വെളിപ്പെടുത്തി.
ലൈംഗികാതിക്രമത്തിന് പുറമെ, ജോലി നിഷേധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിക്കാരി ആരോപിച്ചു. ജൂലൈ 19നാണ് ആദ്യ ദുരനുഭവം ഉണ്ടായതെന്നും അന്ന് രാത്രിയിൽ ബില്ല് കൊടുക്കാൻ പോയപ്പോൾ മദ്യലഹരിയിൽ അസീം ലൈംഗികമായി ഉപദ്രവിച്ചുവെന്നും യുവതി പറഞ്ഞു. കയറിപ്പിടിച്ചപ്പോൾ കൈ തട്ടിമാറ്റി രക്ഷപ്പെട്ടതായും പിന്നീട് ലൊക്കേഷനിൽ തിരിച്ചെത്തി അസോസിയേറ്റ് ഡയറക്ടർമാരോട് വിവരം അറിയിച്ചതായും യുവതി വെളിപ്പെടുത്തി.
സംഭവത്തിൽ സീരിയലിന്റെ നിർമ്മാതാവ് ഇടപെട്ട് രണ്ട് സീരിയലുകളിൽ നിന്നും അസീമിനെ പുറത്താക്കിയിരുന്നു. എന്നാൽ കഴിഞ്ഞ ഡിസംബറിൽ പുതിയ പ്രൊഡ്യൂസർ വന്നപ്പോൾ അസീമിനെ തിരിച്ചെടുത്തു. ഡിസംബർ 7ന് വീണ്ടും അസീം ഫോണിൽ ബന്ധപ്പെട്ട് കണ്ടിന്യുറ്റി ഉള്ള ജൂനിയർ ആർട്ടിസ്റ്റുകളെ വേണമെന്ന് ആവശ്യപ്പെട്ടു. ജൂനിയർ ആർട്ടിസ്റ്റുകളെ കാഴ്ചവയ്ക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും ഒരിക്കലും ചെയ്തു തരില്ലെന്ന് നിരസിച്ചുവെന്നും പരാതിക്കാരി പറഞ്ഞു.
ആളുകളെ കൊടുത്തില്ലെങ്കിൽ ജോലി നിഷേധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് മകനോട് പറഞ്ഞിട്ട് ഫെഫ്കയിൽ പരാതി നൽകി. എന്നാൽ തിരുവല്ലം പൊലീസ് കോംപ്രമൈസിന് ആവശ്യപ്പെട്ടു. പരാതിയുമായി മുന്നോട്ട് പോയാൽ ദുരനുഭവം ഉണ്ടാകുമെന്നും സി.ഐ പറഞ്ഞതായി യുവതി ആരോപിച്ചു. കോംപ്രമൈസ് ചെയ്യണമെന്ന് നിർബന്ധിച്ച് ഫെഫ്കയിൽ മൊഴി കൊടുക്കുന്നത് തടയാൻ സ്റ്റേഷനിൽ കാത്ത് നിർത്തിച്ചതായും മൊബൈൽ ഫോൺ കൈവശപ്പെടുത്താൻ ശ്രമിച്ചതായും യുവതി പറഞ്ഞു.
കമ്മീഷണർ ഓഫീസിൽ പരാതി നൽകിയ ശേഷമാണ് തിരുവല്ലം പൊലീസ് കേസെടുത്തത്. മകൻ സ്റ്റേഷനിൽ ഹാജരാകണമെന്ന് സിഐ ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിച്ചു. സീരിയൽ മേഖലയിൽ അഡ്ജസ്റ്റ്മെന്റ് ആവശ്യപ്പെടാറുണ്ടെന്നും മൂന്ന് പേർക്ക് വേണ്ടി പെൺകുട്ടികളെ തന്നാൽ ഉയരങ്ങളിലെത്തുമെന്ന് ഒരു നിർമ്മാതാവ് പറഞ്ഞതായും പരാതിക്കാരി വെളിപ്പെടുത്തി. പൊന്മുടിയിൽ ഒരു ലൊക്കേഷനിൽ വെച്ച് ഒരുപാട് മാനസിക സമ്മർദ്ദം അനുഭവിച്ചുവെന്നും പരാതിക്കാരി പറഞ്ഞു.
രാത്രി 12 മണിയോടെ അസീം കടന്ന് പിടിക്കുകയായിരുന്നുവെന്നാണ് പരാതി. അന്വേഷണം ആരംഭിച്ചെന്ന് തിരുവല്ലം പൊലീസ് അറിയിച്ചു. ആരോപണവിധേയനായ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അസീമിന്റെ ഫോൺ നിലവിൽ സ്വിച്ച് ഓഫാണ്. ഹേമാ കമ്മറ്റി റിപ്പോർട്ട് വിവാദങ്ങൾക്കിടെയാണ് സീരിയൽ സെറ്റിൽ ലൈംഗികാതിക്രമമെന്ന പരാതി പുറത്തുവരുന്നത്. മറ്റ് രണ്ട് ലൈംഗികാതിക്രമ പരാതികൾ കൂടി അസീം ഫാസിലിനെതിരെ ലഭിച്ചതായി ഫെഫ്ക ഭാരവാഹികൾ വ്യക്തമാക്കി. അസീമിനെ സംഘടനയിൽ നിന്ന് പുറത്താക്കിയതിന്റെ കത്ത് പുറത്തുവന്നു. അസീം ഫാസിലിനെതിരെ പരാതി നൽകിയതിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. പോലീസിൽ പരാതി നൽകാതെ കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങളും നടക്കുന്നതായും ആരോപണമുണ്ട്.
Story Highlights: A woman has filed a complaint alleging sexual harassment against production executive Asim Fazil on a serial set.