കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമാണം ആരംഭിച്ചു; 18 മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ ലക്ഷ്യം

Anjana

Updated on:

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ ഇന്ന് ആരംഭിച്ചു. കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക് വരെയുള്ള 11.2 കിലോമീറ്റർ ദൂരത്തിലാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. കാക്കനാട് കുന്നുംപുറത്ത് രാവിലെ 10:30ന് വയഡക്ട് നിർമാണത്തിന്റെ ഭാഗമായുള്ള ടെസ്റ്റ് പൈലിങ് ആരംഭിച്ചു. കാക്കനാട് കുന്നുംപുറം ജംഗ്ഷനിൽ നടന്ന ചടങ്ങിൽ കെഎംആർഎൽ എംഡി ലോക്നാഥ് ബെഹറ നിർമാണോദ്ഘാടനം നിർവഹിച്ചു. 1957.05 കോടി രൂപയാണ് രണ്ടാം ഘട്ട നിർമാണത്തിന്റെ പദ്ധതി തുക. വയഡക്ട് നിർമാണത്തിനുള്ള കരാർ അഫ്‌കോൺസ് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിനെ ഏൽപ്പിച്ചിരുന്നു. 18 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ലോക്നാഥ് ബെഹറ പറഞ്ഞു. 20 മാസത്തിനുള്ളിൽ പണി പൂർത്തിയാക്കാൻ കഴിഞ്ഞാൽ ഇന്ത്യയിലെ വേഗതയേറിയ മെട്രോ നിർമാണ ഏജൻസി എന്ന പദവി കൊച്ചി മെട്രോയ്ക്ക് ലഭിക്കും. ഇതോടെ കൊച്ചി മെട്രോയുടെ വികസനം പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. നഗരത്തിന്റെ ഗതാഗത സംവിധാനത്തിൽ വലിയ മാറ്റം കൊണ്ടുവരാൻ ഈ പദ്ധതിക്ക് കഴിയുമെന്നാണ് പ്രതീക്ഷ.