സംസ്ഥാനത്തെ സ്കൂൾ സമയം രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാക്കി മാറ്റണമെന്ന് ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ ശുപാർശ ചെയ്തു. ഈ നിർദേശം ഉൾപ്പെടെയുള്ള റിപ്പോർട്ടിന്റെ രണ്ടാംഭാഗം ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗം അംഗീകരിച്ചു. സമിതിയുടെ ശുപാർശകൾ ചർച്ചയ്ക്കുശേഷം സമവായത്തിൽ നടപ്പാക്കാനാണ് മന്ത്രിസഭയിലെ ധാരണ.
കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി നിലവിലെ പഠനസമയം ക്രമീകരിക്കണമെന്ന് സമിതി അഭിപ്രായപ്പെട്ടു. പ്രാദേശിക ആവശ്യങ്ങളനുസരിച്ച് സമയം പുനഃക്രമീകരിക്കാമെന്നും, ചില വിഷയങ്ങളിൽ ആഴത്തിലുള്ള പഠനത്തിനായി ഉച്ചയ്ക്ക് രണ്ടുമുതൽ വൈകീട്ട് നാലുവരെയുള്ള സമയം പ്രയോജനപ്പെടുത്താമെന്നും നിർദേശിച്ചു. കുട്ടികളുടെ മാനസികവും വൈകാരികവും ശാരീരികവും ക്രിയാത്മകവുമായ ഘടകങ്ങളെ പരിപോഷിപ്പിക്കാൻ ഈ സമയമാറ്റം സഹായിക്കുമെന്നാണ് വിലയിരുത്തൽ.
പ്രീ സ്കൂളിൽ 25, ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകളിൽ 35 എന്നിങ്ങനെ കുട്ടികളുടെ എണ്ണം കുറയ്ക്കാനും സമിതി നിർദേശിച്ചു. സെക്കൻഡറി തലത്തിൽ അധ്യാപകർക്ക് മാസ്റ്റേഴ്സ് ബിരുദം യോഗ്യതയാക്കണമെന്നും, പി.എച്ച്ഡി തലം വരെ അധ്യാപകരുടെ ഉപരിപഠനം പ്രോത്സാഹിപ്പിക്കണമെന്നും ശുപാർശ ചെയ്തു. നിലവിലെ പാഠപുസ്തക സങ്കല്പങ്ങളിൽ വലിയ മാറ്റങ്ങൾ ആവശ്യമാണെന്നും, പഠനരീതി കുട്ടിയുടെ ചിന്ത വളർത്തുന്നതും ചോദ്യങ്ങൾ ഉയർത്തുന്നതുമായ തലത്തിലാവണമെന്നും സമിതി അഭിപ്രായപ്പെട്ടു.
Story Highlights: Kerala government considers changing school timings based on Khadar Committee recommendations
Image Credit: twentyfournews