സൗദി കോടതി അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദാക്കി. റിയാദ് ജയിലിൽ 18 വർഷത്തിലധികമായി കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശിയായ അബ്ദുൽ റഹീമിന്റെ വധശിക്ഷയാണ് കോടതി റദ്ദാക്കിയത്.
വാദിഭാഗത്തിന്റെയും പ്രതിഭാഗത്തിന്റെയും അഭിഭാഷകരുമായി നടന്ന സിറ്റിംഗിനു ശേഷമാണ് ഈ തീരുമാനം എടുത്തത്. മരിച്ച സൗദി ബാലന്റെ കുടുംബം മോചനദ്രവ്യം സ്വീകരിച്ച് അബ്ദുൽ റഹീമിന് മാപ്പ് നൽകാൻ തയ്യാറാണെന്ന് കോടതിയെ അറിയിച്ചിരുന്നു.
15 മില്യൺ റിയാലിന്റെ (ഏകദേശം 34 കോടി രൂപ) ചെക്ക് റിയാദ് ഗവർണറേറ്റ് കോടതിക്ക് കൈമാറിയിരുന്നു. ഇരുവിഭാഗവും ഒപ്പിട്ട അനുരഞ്ജന കരാറും കോടതിക്ക് സമർപ്പിച്ചു.
വധശിക്ഷ റദ്ദാക്കിയതോടെ അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട പ്രധാന നടപടികൾ പൂർത്തിയായി. കോടതി മോചന ഉത്തരവ് പുറപ്പെടുവിച്ചാൽ, അദ്ദേഹത്തെ നാട്ടിലേക്ക് തിരിച്ചയക്കാനുള്ള നടപടികൾ ഗവർണറേറ്റ് സ്വീകരിക്കും.
ഈ പുരോഗതിയിൽ റിയാദിലെ നിയമസഹായ സമിതി സന്തോഷത്തിലാണ്.











