സൗദി അറേബ്യയിലേക്ക് ഉംറ വിസയുടെ മറവിൽ പാക്കിസ്ഥാനിൽ നിന്ന് യാചകർ എത്തുന്നത് തടയണമെന്ന് സൗദി ഭരണകൂടം ആവശ്യപ്പെട്ടു. ഈ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ പാകിസ്താനിൽ നിന്നുള്ള ഉംറ, ഹജ്ജ് തീർത്ഥാടകരെ അത് പ്രതികൂലമായി ബാധിക്കുമെന്ന മുന്നറിയിപ്പും സൗദി നൽകി. പാക്ക് മതകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് പാക് മാധ്യമമായ എക്സ്പ്രസ് ട്രിബ്യൂണാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
ഇതിനെ തുടർന്ന് ഉംറ നിയമം രാജ്യത്ത് നടപ്പാക്കാൻ പാകിസ്താൻ മതകാര്യ മന്ത്രാലയം തീരുമാനിച്ചു. ഉംറ തീർത്ഥാടനത്തിന് സൗകര്യമൊരുക്കുന്ന ട്രാവൽ ഏജൻസികളെ നിയന്ത്രിക്കുകയും അവയെ നിരന്തര നിരീക്ഷണത്തിന് വിധേയമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമം നടപ്പാക്കുന്നത്. സംഭവത്തിൽ പാകിസ്താനിലെ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നേരത്തെ സൗദി അംബാസഡർ നവാഫ് ബിൻ സെയ്ദ് അഹ്മദ് അൽ-മൽകിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ പാക് ആഭ്യന്തരകാര്യ മന്ത്രി മൊഹ്സിൻ നഖ്വി ഈ വിഷയത്തിൽ ഉറപ്പ് നൽകിയിരുന്നു. യാചകരെ സൗദിയിലേക്ക് അയക്കുന്ന മാഫിയകളെ നിയന്ത്രിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. ലോകരാഷ്ട്രങ്ങൾക്കിടയിൽ പാകിസ്താന് ഏറെ അവമതിപ്പുണ്ടാക്കിയ സംഭവമായി ഇത് മാറിയിട്ടുണ്ട്.
Story Highlights: Saudi Arabia demands Pakistan to stop beggars entering under Umrah visa, warns of consequences for pilgrims