കാര്വാര് എംഎല്എ സതീഷ് കൃഷ്ണ സെയില് ഉള്പ്പെടെയുള്ള പ്രതികളുടെ ഖനന കേസിലെ ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കും. ബംഗളുരുവിലെ ജനപ്രതിനിധികള്ക്കായുള്ള പ്രത്യേക കോടതിയാണ് വിധി പറയുന്നത്. 77.4 ലക്ഷം ടണ് ഇരുമ്പയിര് നിയമവിരുദ്ധമായി ബെലെകേരി തുറമുഖം വഴി വിദേശത്തേക്ക് കടത്തിയെന്നാണ് കേസ്. സതീഷ് കൃഷ്ണ സെയിലിന്റെ മല്ലിക്കാര്ജുന് ഷിപ്പിങ് കോര്പ്പറേഷന് ഉള്പ്പെടെ നാല് കമ്പനികളാണ് ഇരുമ്പയിര് കടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.
സതീഷ് കൃഷ്ണ സെയില് ശിക്ഷയില് ഇളവ് നല്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. താന് കുറ്റകൃത്യത്തില് നേരിട്ട് പങ്കാളിയായിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. ഷിരൂരില് മണ്ണിടിച്ചിലില് അകപ്പെട്ട ലോറി ഡ്രൈവര് അര്ജുന്റെ മൃതദേഹം കണ്ടെത്താനുള്ള ദൗത്യത്തിന് നേതൃത്വം നല്കിയതിലൂടെ മലയാളികള്ക്ക് സുപരിചിതനായ വ്യക്തിയാണ് സതീഷ് കൃഷ്ണ സെയില്.
ബെലേക്കേരി ഖനന കേസിലെ ആറ് കേസുകളിലെ അന്തിമ ശിക്ഷാ വിധിയാണ് ഇന്ന് പ്രതീക്ഷിക്കുന്നത്. ഫോറസ്റ്റ് കണ്സര്വേറ്റര് മഹേഷ് ബിലേയ്, എംഎല്എ സതീഷ് എന്നിവരുള്പ്പെടെ എല്ലാ പ്രതികളും കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. അനുമതിയില്ലാതെ 11,312 മെട്രിക് ടണ് ഇരുമ്പയിര് കടത്തിയെന്നാണ് കേസിലെ പ്രധാന ആരോപണം.
Story Highlights: Court to deliver verdict in illegal mining case against Karwar MLA Satish Krishna Sail and others