ഉപഗ്രഹ ഗതാഗത നിയന്ത്രണത്തിനുള്ള ഫണ്ട് വെട്ടിക്കുറച്ച് ട്രംപ് ഭരണകൂടം

satellite traffic control

ഉപഗ്രഹ ഗതാഗത നിയന്ത്രണത്തിനുള്ള ഫണ്ട് വെട്ടിക്കുറച്ച് ട്രംപ് ഭരണകൂടം. ബഹിരാകാശത്തെ വർധിച്ചുവരുന്ന തിരക്ക് നിയന്ത്രിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ട്രാഫിക് കോർഡിനേഷൻ സിസ്റ്റം ഫോർ സ്പേസ് (TraCSS) എന്ന പദ്ധതിക്ക് തുരങ്കം വെക്കുന്നതാണ് പുതിയ തീരുമാനം. ഇതിനെതിരെ സ്പേസ് എക്സ്, ആമസോൺ തുടങ്ങിയ നിരവധി യുഎസ് കമ്പനികൾ രംഗത്തെത്തിയിട്ടുണ്ട്. TraCSS-നുള്ള ധനസഹായം വെട്ടിക്കുറയ്ക്കുന്നതിലൂടെ യുഎസ് ബഹിരാകാശ വ്യവസായത്തിന് ദോഷകരമാകുമെന്നും വിലയിരുത്തലുകളുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വൈറ്റ് ഹൗസിന്റെ 2026 ലെ ബജറ്റ് നിർദ്ദേശത്തിൽ നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്റെ (NOAA) ഓഫീസ് ഓഫ് സ്പേസ് കൊമേഴ്സി (OSC) നുള്ള ധനസഹായം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. 2025 ൽ 65 മില്യൺ ഡോളറായിരുന്നത് വെറും 10 മില്യൺ ഡോളറായി കുറയ്ക്കാനാണ് നീക്കം. ഇത് ഏകദേശം 84% കുറവാണ്. 2018-ൽ ട്രംപിന്റെ ഭരണകാലത്ത് ആരംഭിച്ച ട്രാസിഎസ്എസ് പദ്ധതിക്ക് ഇത് വലിയ തിരിച്ചടിയാകും.

നിലവിൽ 12,000-ത്തിലധികം സജീവ ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ ഉണ്ട്. ബഹിരാകാശ ദൗത്യങ്ങളുടെ ഭാഗമായിട്ടുള്ള ആയിരക്കണക്കിന് അവശിഷ്ടങ്ങളും ഇവിടെ കറങ്ങുന്നുണ്ട്. ഇത് കൂട്ടിയിടി സാധ്യത വർദ്ധിപ്പിക്കുന്നു. പ്രതിരോധ വകുപ്പിന്റെയും സ്വകാര്യ കമ്പനികളുടെയും ഡാറ്റ ഉപയോഗിച്ചാണ് TraCSS ഉപഗ്രഹ ഗതാഗതം ഏകോപിപ്പിച്ചിരുന്നത്.

TraCSS പദ്ധതി ഇല്ലാതാക്കുന്നത് യുഎസ് വാണിജ്യ, സർക്കാർ ഉപഗ്രഹ ഓപ്പറേറ്റർമാരുടെ അപകടസാധ്യത വർദ്ധിപ്പിക്കുമെന്നും നിർണായക ദൗത്യങ്ങളെ അപകടത്തിലാക്കുമെന്നും NOAA മേൽനോട്ടം വഹിക്കുന്ന സെനറ്റ് കമ്മിറ്റിക്ക് അയച്ച കത്തിൽ 450 കമ്പനികൾ മുന്നറിയിപ്പ് നൽകി. ഏഴ് വ്യവസായ ഗ്രൂപ്പുകളാണ് കത്തിൽ ഒപ്പിട്ടത്. ഇത് യുഎസ് ബഹിരാകാശ വ്യവസായത്തെ വിദേശത്തേക്ക് മാറ്റാൻ പ്രേരിപ്പിക്കുമെന്നും കത്തിൽ പറയുന്നു.

പെന്റഗണിന്റെ നിലവിലുള്ള ബഹിരാകാശ ട്രാക്കിംഗ് സംവിധാനമായ സ്പേസ്-ട്രാക്ക് സൈനിക കേന്ദ്രീകൃതമാണ്. ദേശീയ സുരക്ഷാ താൽപ്പര്യങ്ങളുമായി സുരക്ഷയെ കൂട്ടിക്കുഴക്കുന്നത് ഒഴിവാക്കാൻ സിവിലിയൻ ബഹിരാകാശ ഗതാഗത മാനേജ്മെന്റ് വേറിട്ടതായിരിക്കണമെന്ന് ഉദ്യോഗസ്ഥർ വാദിക്കുന്നു.

സ്വകാര്യ കമ്പനികൾക്ക് സ്വതന്ത്രമായി ബഹിരാകാശ ഗതാഗതം കൈകാര്യം ചെയ്യാൻ കഴിയും. അതിനാൽ സർക്കാർ ഇടപെടൽ കുറയ്ക്കണമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വാദം. എന്നാൽ ദേശീയ സുരക്ഷയ്ക്കും മത്സരക്ഷമതയ്ക്കും കേന്ദ്രീകൃത സർക്കാർ സംവിധാനം അനിവാര്യമാണെന്ന് വ്യവസായ ഗ്രൂപ്പുകൾ വാദിക്കുന്നു.

Story Highlights: ഉപഗ്രഹ ഗതാഗത നിയന്ത്രണത്തിനുള്ള ഫണ്ട് വെട്ടിക്കുറച്ച് ട്രംപ് ഭരണകൂടം, ഇത് യുഎസ് ബഹിരാകാശ വ്യവസായത്തിന് ദോഷകരമാകും.

Related Posts