തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില് വൈദ്യുതി മുടങ്ങി രണ്ട് മണിക്കൂറായി. ജനറേറ്റര് തകരാറിലായതാണ് വൈദ്യുതി മുടങ്ങാന് കാരണമെന്ന് അധികൃതര് വ്യക്തമാക്കി. ഡോക്ടര്മാര് രോഗികളെ മൊബൈല് ടോര്ച്ച് വെളിച്ചത്തില് പരിശോധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. വൈദ്യുതി പുനസ്ഥാപിക്കാന് കഴിയാത്തതിനാല് രോഗികളുടെ കൂട്ടിരിപ്പുകാര് രോഷാകുലരായി. സ്ഥിതിഗതികള് നിയന്ത്രിക്കാന് പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.
പ്രശ്നം ഉടന് പരിഹരിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്ജും സംഭവത്തില് ഇടപെട്ടിട്ടുണ്ട്. രോഗികള് സുരക്ഷിതരാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര് വ്യക്തമാക്കി. എന്നാല് ഗര്ഭിണികള് ഉള്പ്പെടെയുള്ള രോഗികളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുള്ളതായി കൂട്ടിരിപ്പുകാര് പറയുന്നു. ആശുപത്രി പരിസരത്ത് പൊലീസും രോഗികളുടെ ബന്ധുക്കളും തമ്മില് വാക്കുതര്ക്കം നടക്കുന്നുണ്ട്.
കെഎസ്ഇബിയുടെ വിശദീകരണമനുസരിച്ച്, വൈദ്യുതി മുടങ്ങിയത് സപ്ലൈ തകരാര് കൊണ്ടല്ല. പിഡബ്ലു ഡി ഇലക്ട്രിക്കല് വിഭാഗത്തിനാണ് വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ചുമതല. HT കണക്ഷന് ലൈവാണെന്നും കെഎസ്ഇബി സബ് എഞ്ചിനിയറുടെ നേതൃത്വത്തില് സഹായ സംഘം സ്ഥലത്തുണ്ടെന്നും അറിയിച്ചു. താല്ക്കാലിക ജനറേറ്റര് എത്തിക്കാന് ആരോഗ്യ മന്ത്രി നിര്ദേശം നല്കിയിട്ടുണ്ട്.
Story Highlights: SAT Hospital’s emergency department in Thiruvananthapuram faces 2-hour power outage, doctors using mobile torches for patient care