കൈരളി ടിവിയുടെ ജനപ്രിയ പരിപാടിയായ അശ്വമേധത്തിൽ പങ്കെടുക്കാനെത്തിയ പ്രമുഖ സിനിമാ താരം സന്തോഷ് കീഴാറ്റൂർ, ഇതുവരെ പറയാത്ത ഒരു കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ്. അവതാരകൻ ജി എസ് പ്രദീപിന്റെ “അശ്വമേധം കാണാറുണ്ടോ” എന്ന ചോദ്യത്തിന് സന്തോഷ് നൽകിയ മറുപടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. അശ്വമേധത്തിന്റെ പിന്നാമ്പുറത്ത് വർക്ക് ചെയ്തയാളാണ് താനെന്നാണ് സന്തോഷ് വെളിപ്പെടുത്തിയത്.
സ്റ്റുഡിയോയിൽ നിന്ന് പുറത്തിറങ്ങി, അശ്വമേധത്തിന്റെ ആദ്യ ഷോ കാസർഗോഡ് ടൗൺ ഹാളിൽ നടക്കുമ്പോൾ, കൈരളിയിൽ ആർട്ട് കൈകാര്യം ചെയ്യുന്ന സുനിൽ കുടവട്ടൂരിന്റെ അസിസ്റ്റന്റായി ബാക്ക്ട്രോപ്സ് സ്റ്റാപ്പിൾ ചെയ്ത ഓർമകൾ അദ്ദേഹം പങ്കുവച്ചു. കൈരളിക്കൊപ്പം കുറച്ചുനാൾ പ്രൊഡക്ഷൻ അസിസ്റ്റന്റായും അസിസ്റ്റന്റ് ഡയറക്ടറായും പ്രവർത്തിച്ചിരുന്നതായും അദ്ദേഹം ഓർമിപ്പിച്ചു.
നീണ്ട ഇടവേളയ്ക്ക് ശേഷം കൈരളി ടിവിയിൽ അശ്വമേധം വീണ്ടും ആരംഭിച്ചതോടെ, പഴയ സ്നേഹത്തോടെ മലയാളികൾ ഇരുകൈയും നീട്ടി പരിപാടിയെ സ്വീകരിച്ചിരിക്കുകയാണ്. ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപ് അശ്വമേധവുമായി വീണ്ടുമെത്തുന്നുവെന്ന വാർത്ത കൈരളി പുറത്തുവിട്ടപ്പോൾ, സാമൂഹിക മാധ്യമങ്ങളിലടക്കം നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരേസമയം കൗതുകവും വിജ്ഞാനവും ഉണർത്തുന്ന ഈ ക്വിസ് പരിപാടിയെ പ്രേക്ഷകർ ആവേശത്തോടെ സ്വീകരിക്കുകയാണ്.
Story Highlights: Actor Santosh Keezhattoor reveals his behind-the-scenes work on popular TV show Ashwamedham.