ബംഗ്ലാദേശിനെതിരായ ടി-20 പരമ്പരയിൽ മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ ഇടം നേടി. ബിസിസിഐ പുറത്തുവിട്ട ടീം വിവരത്തിൽ സൂര്യകുമാർ യാദവാണ് ഇന്ത്യൻ ക്യാപ്റ്റൻ. സഞ്ജു സാംസണിനൊപ്പം ജിതേഷ് ശർമയാണ് ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പർ. ഹർദിക് പാണ്ട്യയും ടീമിൽ തിരിച്ചെത്തി.
ഐപിഎലിൽ മികച്ച പ്രകടനം കാഴ്ചവച്ച ബൗളർ മായങ്ക് യാദവും ടീമിൽ ഇടം നേടി. ആദ്യ ടി20 ഒക്ടോബർ 6 ന് ഗ്വാളിയോറിലും ബാക്കി രണ്ടെണ്ണം ഒക്ടോബർ 9 ന് (ന്യൂഡൽഹി), ഒക്ടോബർ 12 ഹൈദരാബാദിലും നടക്കും. ഈ വർഷം നടന്ന ശ്രീലങ്കൻ പര്യടനത്തിലെ ടി-20 സീരീസിൽ അവസാന രണ്ട് മത്സരങ്ങൾ സഞ്ജു പൂജ്യത്തിന് പുറത്തായിരുന്നു. അതിനാൽ ഇന്ത്യയുടെ ഈ വർഷത്തെ പര്യടനങ്ങളിൽ സഞ്ജുവിന് അവസരം ലഭിക്കില്ല എന്നായിരുന്നു ആരാധകർ പ്രതീക്ഷിച്ചിരുന്നത്.
എന്നാൽ ദുലീപ് ട്രോഫിയിലെ മികച്ച പ്രകടനം താരത്തിന് അനുകൂലമായി. രണ്ട് മത്സരങ്ങളിൽ നിന്നായി 196 റൺസ് നേടിയ സഞ്ജുവിനെ ഇറാനി കപ്പിനുള്ള ടീമിൽ ബിസിസിഐ ഉൾപ്പെടുത്താതിരുന്നത് ആരാധകരുടെ രോഷത്തിന് കാരണമായി. എന്നാൽ അന്താരാഷ്ട്ര ടീമിലേക്ക് കയറ്റുന്നതിന്റെ ഭാഗമായിട്ടാണ് ഇറാനി കപ്പിലേക്ക് തിരഞ്ഞെടുക്കാതിരുന്നതെന്ന് പിന്നീട് വ്യക്തമായി.
Story Highlights: Sanju Samson included in Indian T20 team against Bangladesh, Suryakumar Yadav to lead