1984-ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് നേതാവ് സജ്ജൻ കുമാറിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഡൽഹി റൗസ് അവന്യൂ കോടതിയാണ് ശിക്ഷ വിധിച്ചത്. സജ്ജൻ കുമാർ ചെയ്ത കുറ്റകൃത്യം ക്രൂരവും അപലപനീയവുമാണെന്ന് കോടതി നിരീക്ഷിച്ചു. കൃത്യം നടന്ന് 41 വർഷങ്ങൾക്ക് ശേഷമാണ് കോടതി ശിക്ഷ വിധിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
സജ്ജൻ കുമാറിനെതിരെ 1991-ൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ മൂന്ന് വർഷത്തിന് ശേഷം തെളിവില്ലെന്ന കാരണത്താൽ കുറ്റപത്രം തള്ളി. 2015-ൽ കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. 1984 നവംബർ 1-ന് സരസ്വതി വിഹാറിൽ ജസ്വന്ത് സിങ്, മകൻ തരുൺ ദീപ് സിങ് എന്നിവരെ തീ കൊളുത്തി കൊലപ്പെടുത്തുകയും വീട് കൊള്ളയടിക്കുകയും ചെയ്ത കേസിലാണ് ശിക്ഷ.
അക്രമി സംഘത്തെ നയിച്ചത് സജ്ജൻ കുമാറാണെന്നായിരുന്നു പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 12-ന് കേസിൽ സജ്ജൻ കുമാർ കുറ്റക്കാരനാണെന്ന് ഡൽഹി റോസ് അവന്യൂ കോടതി കണ്ടെത്തിയിരുന്നു. പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജയാണ് ശിക്ഷ വിധിച്ചത്.
മതവിഭാഗങ്ങൾക്കിടയിൽ വിശ്വാസത്തെയും ഐക്യത്തെയും ബാധിക്കുന്ന സംഭവമായതിനാൽ വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. എന്നാൽ ഈ ആവശ്യം കോടതി തള്ളി. നിലവിൽ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട് തിഹാർ ജയിലിൽ കഴിയുകയാണ് സജ്ജൻ കുമാർ. 1985 സെപ്റ്റംബർ 9-നാണ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തത്.
Story Highlights: Ex-Congress MP Sajjan Kumar receives life imprisonment for his role in the 1984 anti-Sikh riots.