മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സെയ്ഫ് അലി ഖാന്റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും ദിവസങ്ങൾക്കുള്ളിൽ ആശുപത്രി വിടാൻ സാധിക്കുമെന്നുമാണ് പ്രതീക്ഷ. അണുബാധയുടെ സാധ്യത ഒഴിവാക്കാൻ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കരീന കപൂറിന്റെയും സെയ്ഫ് അലി ഖാന്റെയും മൊഴികൾ പോലീസ് രേഖപ്പെടുത്തി.
സെയ്ഫ് അലി ഖാനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ ഭജൻ സിങ് റാണയുടെ വെളിപ്പെടുത്തലാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പാർപ്പിട സമുച്ചയത്തിന്റെ സമീപത്തുകൂടി പോകുമ്പോൾ ഗേറ്റിനരികിൽ നിന്ന് ഒരു സ്ത്രീ വിളിച്ചതായും പിന്നാലെ രക്തത്തിൽ കുളിച്ച നിലയിൽ ഒരാൾ നടന്നുവന്നതായും റാണ പറഞ്ഞു. ഏഴു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു കുട്ടിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
ഉത്തരാഖണ്ഡ് സ്വദേശിയായ ഭജൻ സിങ് റാണയുടെ ഓട്ടോറിക്ഷയിലാണ് സെയ്ഫ് അലി ഖാനെ ആശുപത്രിയിലെത്തിച്ചത്. ഓട്ടോറിക്ഷയിൽ കയറിയ ഉടൻ, എത്ര സമയമെടുക്കുമെന്ന് സെയ്ഫ് അലി ഖാൻ ചോദിച്ചതായും താൻ ആദ്യം നടനെ തിരിച്ചറിഞ്ഞില്ലെന്നും റാണ പറഞ്ഞു.
കഴിഞ്ഞ 15 വർഷമായി ഇതേ വഴിയിൽ പതിവായി രാത്രിയിൽ ഓട്ടോ ഓടിക്കുന്ന ആളാണ് താനെന്ന് റാണ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. പത്ത് മിനിറ്റിനുള്ളിൽ ആശുപത്രിയിലെത്തിയ ശേഷം, സെയ്ഫ് അലി ഖാൻ ഗാർഡിനെ വിളിച്ച് തന്റെ പേര് പറഞ്ഞപ്പോഴാണ് തനിക്ക് അദ്ദേഹത്തെ മനസ്സിലായതെന്നും റാണ വെളിപ്പെടുത്തി. “ഞാൻ സെയ്ഫ് അലി ഖാനാണ്. സ്ട്രക്ച്ചർ കൊണ്ടുവരൂ” എന്ന് നടൻ പറഞ്ഞതായി റാണ പറഞ്ഞു.
ഓട്ടോറിക്ഷയിൽ ചോര പുരണ്ടിരുന്നെന്നും ആ വണ്ടി മാറ്റിയിട്ടിരിക്കുകയാണെന്നും ഇപ്പോൾ വേറെ വണ്ടിയാണ് ഓടിക്കുന്നതെന്നും റാണ കൂട്ടിച്ചേർത്തു. താൻ പണം വാങ്ങിയില്ലെന്നും നടന് വേഗത്തിൽ സുഖമാകട്ടെയെന്നാണ് പ്രാർത്ഥനയെന്നും റാണ പറഞ്ഞു.
Story Highlights: Saif Ali Khan, recovering in a Mumbai hospital, was helped by an autorickshaw driver after an incident.