സെയ്ഫ് അലി ഖാന് ആക്രമണക്കേസിലെ പ്രതി പിടിയില്. വിജയ് ദാസ് എന്നയാളെയാണ് മഹാരാഷ്ട്രയിലെ താനെയില് നിന്ന് പോലീസ് പിടികൂടിയത്. ലീലാവതി ആശുപത്രിയില് ചികിത്സയില് കഴിയുന്ന സെയ്ഫ് അലി ഖാന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്നും ഏതാനും ദിവസങ്ങള്ക്കുള്ളില് ആശുപത്രി വിടാന് സാധിക്കുമെന്നും റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നു.
സെയ്ഫ് അലി ഖാന്റെയും ഭാര്യ കരീന കപൂറിന്റെയും മൊഴികള് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അണുബാധയുടെ സാധ്യത കണക്കിലെടുത്ത് സന്ദര്ശകര്ക്ക് ആശുപത്രിയില് പ്രവേശന വിലക്ക് ഏര്പ്പെടുത്തി. ടിസിഎസ് കോള് സെന്ററിന് പിന്നിലെ മെട്രോ നിര്മ്മാണ സ്ഥലത്തിനടുത്തുള്ള ഒരു ലേബര് ക്യാമ്പില് ഒളിച്ചിരിക്കുകയായിരുന്നു പ്രതി.
ഡിസിപി സോണ്-6 നവ്നാഥ് ധവാലെയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും കാസര്വാഡാവലി പോലീസും ചേര്ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതി ഒരു പബ്ബില് ജോലി ചെയ്തിരുന്നതായി പോലീസ് അറിയിച്ചു. പ്രതിയെ ഇന്ന് കോടതിയില് ഹാജരാക്കി പോലീസ് കസ്റ്റഡിയില് വാങ്ങുമെന്നും അറസ്റ്റുമായി ബന്ധപ്പെട്ട കൂടുതല് വിവരങ്ങള് പോലീസ് ഇന്ന് രാവിലെ 9 മണിക്ക് മാധ്യമങ്ങളെ അറിയിക്കുമെന്നും അധികൃതര് വ്യക്തമാക്കി.
സിസിടിവി ദൃശ്യങ്ങളില് പതിഞ്ഞ അക്രമിയോട് രൂപസാദൃശ്യമുള്ള ഒരാളെ ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും ചോദ്യം ചെയ്യലിനു ശേഷം ഇയാള് പ്രതിയല്ലെന്ന് മനസ്സിലാക്കി വിട്ടയച്ചിരുന്നു. പിടിയിലായ വിജയ് ദാസിനെ വിശദമായി ചോദ്യം ചെയ്യുന്നതോടെ കൂടുതല് വിവരങ്ങള് ലഭ്യമാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.
Story Highlights: Bollywood actor Saif Ali Khan’s attacker arrested in Thane, Maharashtra.