സഹാറ മരുഭൂമിയിൽ അപ്രതീക്ഷിതമായി പ്രളയം സംഭവിച്ചു. ലോകത്തിലെ ഏറ്റവും വരണ്ട പ്രദേശങ്ങളിലൊന്നായ ഇവിടെ അതിശക്തമായ മഴയെ തുടർന്ന് പനമരങ്ങളടക്കം നിന്ന ഭൂമിയിൽ വെള്ളം നിറഞ്ഞു. അരനൂറ്റാണ്ടിനിടെ ആദ്യമായി ഇരിഖി തടാകത്തിൽ വെള്ളം നിറഞ്ഞത് ഈ പ്രതിഭാസത്തിന്റെ അസാധാരണത്വം വ്യക്തമാക്കുന്നു.
മൊറോക്കോയുടെ തെക്ക്-കിഴക്കൻ മേഖലയിൽ സാധാരണയായി വേനൽക്കാലത്ത് മഴ ലഭിക്കാറില്ല. എന്നാൽ സെപ്തംബർ മാസത്തിൽ രണ്ട് ദിവസം കൊണ്ട് വർഷം മുഴുവൻ ലഭിക്കുന്നതിലും കൂടുതൽ മഴ പെയ്തു. മരുഭൂമിയിലെ ടാറ്റയിൽ 10 സെൻ്റിമീറ്റർ മഴ ലഭിച്ചത് കഴിഞ്ഞ അര നൂറ്റാണ്ട് കാലത്തിനിടെ ആദ്യമായാണെന്ന് കാലാവസ്ഥാ വിദഗ്ധർ വിലയിരുത്തുന്നു.
ഈ അസാധാരണ മഴ പ്രദേശത്തിന്റെ കാലാവസ്ഥാ ഘടനയിൽ മാറ്റം വരുത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. അന്തരീക്ഷത്തിലെ ഉയർന്ന ജലാംശം കാരണം കൊടുങ്കാറ്റുണ്ടാകാനുള്ള സാധ്യതയും പ്രവചിക്കപ്പെടുന്നു. എന്നാൽ, കഴിഞ്ഞ ഏഴ് വർഷത്തോളം മഴ ലഭിക്കാതിരുന്ന ഈ മേഖലയിലെ ജനങ്ങൾക്ക് കൃഷിക്കടക്കം ഈ വെള്ളം ഉപയോഗപ്രദമാകും. സെപ്തംബർ മാസത്തിൽ മേഖലയിലെ ഡാമുകളിലെല്ലാം ധാരാളം വെള്ളം ലഭിച്ചത് ഈ പ്രദേശത്തിന്റെ ജലസമ്പത്തിന് ഗുണകരമായി.
Story Highlights: Rare rain floods Sahara Desert, dry lake filled for first time in 50 years