ശബരിമലയിൽ നടൻ ദിലീപിന് നൽകിയ വിഐപി പരിഗണനയിൽ ഹൈക്കോടതി കടുത്ത വിമർശനം ഉന്നയിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉത്തരവാദിത്തമാണ് ഇത്തരം സാഹചര്യങ്ങൾ നിയന്ത്രിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി. ഹരിവരാസനം സമയത്ത് പരമാവധി ഭക്തർക്ക് ദർശനം നൽകാനാണ് ശ്രമിക്കേണ്ടതെന്നും, കുട്ടികൾക്കും സ്ത്രീകൾക്കും മതിയായ സൗകര്യം ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.
സോപാനത്തിൽ ഭക്തരുടെ ദർശനത്തിന് തടസ്സമുണ്ടാകരുതെന്നും, കുട്ടികൾ, പ്രായമായവർ എന്നിവർക്ക് പ്രത്യേക പരിഗണന നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. ഇക്കാര്യം പൊലീസും ദേവസ്വം ബോർഡും ഉറപ്പാക്കണമെന്നും, സി.സി.ടി.വി. ദൃശ്യങ്ങൾ അടിയന്തരമായി സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. വിഷയം തിങ്കളാഴ്ച വീണ്ടും പരിഗണിക്കാൻ തീരുമാനിച്ചു.
ദിലീപിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് കോടതി ഉന്നയിച്ച ചോദ്യങ്ങൾക്ക് ദേവസ്വം ബോർഡ് വിശദീകരണം നൽകി. എന്നാൽ, സ്പെഷ്യൽ സെക്യൂരിറ്റി സോണിൽ ഇത്തരം പ്രത്യേക പരിഗണന അനുവദനീയമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ദിലീപിന്റെ സന്ദർശനം മറ്റ് ഭക്തരുടെ ദർശനത്തെ ബാധിച്ചതായും, കാത്തുനിന്നവരിൽ കുട്ടികളും ഉണ്ടായിരുന്നതായും കോടതി പരാമർശിച്ചു.
ഇതിനിടെ, സംഭവവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ദേവസ്വം വിജിലൻസ് എസ്പി തയ്യാറാക്കി ദേവസ്വത്തിന് കൈമാറിയതായി അറിയിച്ചു. പ്രാഥമിക റിപ്പോർട്ടാണ് ഇപ്പോൾ സമർപ്പിച്ചതെന്നും, വിശദമായ റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറുമെന്നും ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു വ്യക്തമാക്കി.
Story Highlights: High Court criticizes VIP treatment given to actor Dileep at Sabarimala, calls for equal treatment of devotees