ശബരിമല ക്ഷേത്രത്തിൽ മകരവിളക്ക് മഹോത്സവത്തിന്റെ തുടക്കം കുറിച്ച് ഇന്ന് വൈകീട്ട് നാലു മണിക്ക് നട തുറക്കും. തന്ത്രി കണ്ഠരര് രാജീവരുടെ മേൽനോട്ടത്തിൽ മേൽശാന്തി അരുൺ കുമാർ ശ്രീകോവിൽ നട തുറന്ന് മഹോത്സവത്തിന് തുടക്കം കുറിക്കും. ഉച്ചയോടെ പമ്പയിൽ നിന്ന് തീർഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടും. ആഴിയിൽ അഗ്നി പകരുന്നതോടെ ഭക്തർക്ക് പതിനെട്ടാം പടി കയറാൻ അനുമതി ലഭിക്കും.
ജനുവരി പതിനാലിനാണ് മകരവിളക്ക് ദിനം. നാൽപ്പത്തി ഒന്ന് ദിവസം നീണ്ട മണ്ഡലകാലത്തിന് ശേഷമാണ് മകരവിളക്ക് മഹോത്സവം ആരംഭിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് മണ്ഡലകാല സീസണിന് സമാപനം കുറിച്ച് ശബരിമല നട അടച്ചത്. ഈ വർഷത്തെ മണ്ഡലകാല സീസൺ കാര്യമായ പരാതികളും പ്രശ്നങ്ങളുമില്ലാതെ പൂർത്തിയാക്കിയതിൽ സംസ്ഥാന സർക്കാർ ആശ്വാസത്തിലാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് തീർത്ഥാടകരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായിട്ടും കാര്യമായ പരാതികൾ ഉയർന്നിട്ടില്ല.
മകരവിളക്ക് മഹോത്സവത്തിനോടനുബന്ധിച്ച് വിപുലമായ ക്രമീകരണങ്ങളാണ് ആരോഗ്യവകുപ്പ് ഏർപ്പെടുത്തിയിരിക്കുന്നത്. മഹോത്സവ ദിനങ്ങളിൽ അടിയന്തിരഘട്ടങ്ങൾ നേരിടുന്നതിനായി മെഡിക്കൽ ഓഫീസർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും ഒരു റിസർവ് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള നടപടികൾ ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ഇത് മഹോത്സവ കാലത്ത് തീർത്ഥാടകർക്ക് മികച്ച ആരോഗ്യ സേവനം ഉറപ്പാക്കുന്നതിന് സഹായകമാകും.
Story Highlights: Sabarimala temple to open today for Makaravilakku festival