ശബരിമലയിൽ ഈ വർഷം സ്പോട്ട് ബുക്കിങ് ഉണ്ടാകില്ലെന്ന് മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി. ഓൺലൈൻ ബുക്കിങ് മാത്രം അനുവദിച്ചാൽ മതിയെന്ന് സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ഒരു ദിവസം പരമാവധി 80,000 പേർക്ക് ശബരിമലയിൽ ദർശന സൗകര്യം ഒരുക്കും. ബുക്കിങ് നടത്താതെ തീർത്ഥാടകർ എത്തിയാൽ അത് പരിശോധിക്കുമെന്നും നിലക്കലിലും എരുമേലിയിലും കൂടുതൽ പാർക്കിങ് ഏർപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലായിരുന്നു ഈ തീരുമാനങ്ങൾ എടുത്തത്. എന്നാൽ ADGP എം ആർ അജിത്കുമാർ ശബരിമല അവലലോകന യോഗത്തിൽ പങ്കെടുക്കാത്തതിന്റെ കാരണവും മന്ത്രി വിശദീകരിച്ചു. യോഗം ക്രമസമാധാന പ്രശ്നം ചർച്ച ചെയ്യാനുള്ളതായിരുന്നില്ലെന്നും അതുകൊണ്ടാണ് അദ്ദേഹത്തെ ക്ഷണിക്കാതിരുന്നതെന്നും മന്ത്രി വ്യക്തമാക്കി. ക്രമസമാധാന വിഷയം ചർച്ച ചെയ്യുന്ന യോഗത്തിൽ ADGP യെ വിളിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാധ്യമപ്രവർത്തകർക്ക് അക്രഡിറ്റേഷൻ നിർബന്ധമാക്കിയത് ഹൈക്കോടതിയാണെന്ന് മന്ത്രി പറഞ്ഞു. ബോർഡിൻ്റെ പ്രത്യേക പാസ് നൽകി പകരം ക്രമീകരണം ഏർപ്പെടുത്താൻ കഴിയുമെന്ന് കോടതിയെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എരുമേലി കുറിതൊടൽ വിവാദത്തിനു പിന്നിൽ രാഷ്ട്രീയമുണ്ടെന്ന് കരുതുന്നില്ലെന്നും ചൂഷണം അവസാനിക്കാനാണ് ബോർഡ് ഇടപെട്ടതെന്നും മന്ത്രി വി എൻ വാസവൻ വിശദീകരിച്ചു.
Story Highlights: Minister V N Vasavan announces no spot booking at Sabarimala this year, only online booking allowed